'ആരുടെയും പണം അടിച്ചു മാറ്റിയിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെതിരെ മോശം പ്രചാരണം; എം.ഡി. ടി.എ ജോസഫ്

'ആരുടെയും പണം അടിച്ചു മാറ്റിയിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെതിരെ മോശം പ്രചാരണം; എം.ഡി. ടി.എ ജോസഫ്

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ റോയിയുടെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ടി.എ ജോസഫ്. എന്നാല്‍ ചെയര്‍മാന്റെ മരണം സ്ഥാപനത്തിലെ ജോലികളെ ബാധിക്കില്ലെന്നും ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏത് പ്രശ്നത്തെയും തരണം ചെയ്ത് മുന്നോട്ടു പോകും. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും കമ്പനിയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഗുണഫലം ലഭിക്കുമെന്നും ടി.എ ജോസഫ് പറഞ്ഞു. കേരളത്തിലെ എല്ലാ പ്രോജക്ടുകളുടെയും ഉത്തരവാദിത്വം കമ്പനിയ്ക്ക് മാത്രമാണ്.

സി.ജെ റോയിയുടെ ഓഫീസില്‍ നടന്നത് ആദായ നികുതി വകുപ്പിന്റെ സാധാരണ പരിശോധന മാത്രമാണ്. ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അവര്‍ ശത്രുക്കളല്ല. വര്‍ഷങ്ങളുടെ ഇടവേളകളില്‍ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണ്. 2016 ല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ പരിശോധന നടന്നിരുന്നു. 2026 ല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടന്നു.

ആദായ നികുതി വകുപ്പ് അധികൃതരുമായി ഗ്രൂപ്പ് സഹകരിച്ചിരുന്നു. അവരും നല്ല രീതിയിലാണ് സഹകരിച്ചത്. മോശമായ അനുഭവം ഉണ്ടായിട്ടില്ല. റോയിയുടെ മരണത്തെ സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ബാധ്യതകള്‍ ഇല്ല. കമ്പനിയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണെന്നും ജോസഫ് വ്യക്തമാക്കി.

പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പിനെതിരെ മോശമായ പ്രചാരണം നടത്തുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നു. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. മലയാളികള്‍ക്ക് ഇത്തരം കള്ള പ്രചാരണങ്ങള്‍ മനസിലാകും. നിക്ഷേപകരെ ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ല.

സിനിമാക്കാരില്‍ നിന്നും റിയല്‍ എസ്റ്റേറ്റുകാരില്‍ നിന്നും ഗ്രൂപ്പ് പണം വാങ്ങി വിദേശത്ത് പണം നിക്ഷേപിച്ചു എന്നൊക്കെയുള്ള ആരോപണം തെറ്റാണ്. ആരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല. കാശ് കിട്ടാനല്ലാതെ കൊടുക്കാനില്ല. കമ്പനിക്ക് നിക്ഷേപകരോ കടമോ ഇല്ല. എല്ലാ സൈറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. ചെയര്‍മാന്റെ മരണം ജോലികളെ ബാധിക്കില്ല. ആര്‍ക്കും ആവലാതി വേണ്ടെന്നും ടി.എ ജോസഫ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.