ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ (MUDA) കേസില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് സ്‌നേഹമയി കൃഷ്ണയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ലോകായുക്ത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന കൈക്കൂലി കേസാണിത്. 81-ാം അഡിഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മുഡ മുന്‍ കമ്മിഷണര്‍ ഡി.ബി നടേഷില്‍ നിന്ന് കേസില്‍ ബി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ലോകായുക്ത ഉദ്യോഗസ്ഥര്‍ക്ക് 4.35 കോടി രൂപ ലഭിച്ചതായാണ് സ്‌നേഹമയി കൃഷ്ണ ആരോപിച്ചിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടത്തിന്റെ 156(3) വകുപ്പ് പ്രകാരവും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 175(3) വകുപ്പ് പ്രകാരവുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ആരോപണങ്ങളെ രേഖാമൂലമുള്ള തെളിവുകള്‍ പിന്തുണയ്ക്കുന്നതായി അദേഹം അവകാശപ്പെട്ടു. അഴിമതി നിരോധന നിയമപ്രകാരം നടേഷിനെ ചോദ്യം ചെയ്യാന്‍ നേരത്തെ അനുമതി തേടിയിട്ടും അദേഹത്തിനെതിരെ നടപടിയെടുക്കാത്തതിനെയും സ്‌നേഹമയി കൃഷ്ണ ചോദ്യം ചെയ്തു. ഈ നിഷ്‌ക്രിയത്വം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണെന്നും അദേഹം വാദിച്ചു.
മുതിര്‍ന്ന ലോകായുക്ത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൃഷ്ണ കോടതിയില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. രേഖകളുടെ ഫോറന്‍സിക് പരിശോധന, വിശദമായ സാമ്പത്തിക പരിശോധന, വിഷയത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യല്‍ എന്നിവ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.