കടുന: വടക്കൻ നൈജീരിയയിൽ വീണ്ടും സായുധ സംഘങ്ങളുടെ അഴിഞ്ഞാട്ടം. കടുന സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ഒരു മത അധ്യാപകനെയും അദേഹത്തിന്റെ ഗർഭിണിയായ ഭാര്യയെയും ഉൾപ്പെടെ മുപ്പതോളം ഗ്രാമവാസികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കഡാർക്കോമേഖലയിലാണ് സംഭവം. കുട്ടാഹോ, കുഗിർ എന്നീ ഗ്രാമങ്ങളിൽ അതിക്രമിച്ചു കയറിയ അക്രമികൾ തോക്കുകൾ ഉപയോഗിച്ച് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആളുകളെ ബന്ദികളാക്കിയത്.
സെന്റ് ജോസഫ് ഇടവകയിൽ സേവനമനുഷ്ഠിക്കുന്ന മത അധ്യാപകൻ, പൂർണ ഗർഭിണിയായ അദേഹത്തിന്റെ ഭാര്യ, ഇവരുടെ കുട്ടി എന്നിവരെ കുട്ടാഹോയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ഇവർക്കൊപ്പം ഗ്രാമത്തിലെ മറ്റ് 13 പേരെക്കൂടി പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. സമീപ പ്രദേശമായ കുഗിറിൽ നിന്ന് 16 പേരെയും അക്രമികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു.
തട്ടിക്കൊണ്ടുപോയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതിനാൽ അവരുടെ സുരക്ഷയിൽ പ്രാദേശിക സഭാനേതൃത്വം കടുത്ത ആശങ്ക രേഖപ്പെടുത്തി.
നൈജീരിയയുടെ മധ്യ-വടക്കൻ മേഖലകളിൽ 'ബാൻഡിറ്റ്‌സ്' എന്നറിയപ്പെടുന്ന സായുധ ക്രിമിനൽ സംഘങ്ങളുടെ ആക്രമണം വർദ്ധിച്ചുവരികയാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് പള്ളികൾ, സ്കൂളുകൾ, ഗ്രാമങ്ങൾ എന്നിവ കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകലുകൾ ഇവിടെ പതിവായിരിക്കുകയാണ്.
ബന്ദികളെ മോചിപ്പിക്കാനുള്ള ഔദ്യോഗിക നടപടികളെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗ്രാമങ്ങളിൽ സൈനിക സുരക്ഷ വർദ്ധിപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.