'അലക്‌സി നവാല്‍നിയെ കൊലപ്പെടുത്തിയത് തവളയില്‍ നിന്നുള്ള മാരക വിഷം നല്‍കി': റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍

'അലക്‌സി നവാല്‍നിയെ കൊലപ്പെടുത്തിയത് തവളയില്‍ നിന്നുള്ള മാരക വിഷം നല്‍കി': റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍

'നവാല്‍നിയെ റഷ്യ ഒരു ഭീഷണിയായി കണ്ടു. ഈ വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യന്‍ ഭരണകൂടം തങ്ങള്‍ക്കു ലഭ്യമായ നിന്ദ്യമായ മാര്‍ഗങ്ങളും രാഷ്ട്രീയ എതിര്‍പ്പിനോടുള്ള അമിതമായ ഭയവും പ്രകടമാക്കിയിരിക്കുന്നു'.

ലണ്ടന്‍: പുടിന്റെ പ്രതിയോഗിയും പ്രതിപക്ഷ നേതാവുമായിരുന്ന അലക്‌സി നവാല്‍നിയെ റഷ്യ കൊലപ്പെടുത്തിയതാണന്ന ആരോപണവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍.

വിഷമുള്ള തവളയുടെ തൊലിയില്‍ നിന്നുള്ള മാരകമായ വിഷം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. ജയിലില്‍ വെച്ച് വിഷം നല്‍കിയതിനെ തുടര്‍ന്നാണ് നവാല്‍നിയുടെ മരണം സംഭവിച്ചതെന്ന് ലാബ് പരിശോധനയില്‍ സ്ഥിരീകരിച്ചതായും ലണ്ടനില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താനയില്‍ രാജ്യങ്ങള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പായിരുന്നു നവാല്‍നിയുടെ മരണം. നവാല്‍നിയുടെ ശരീരത്തില്‍ നിന്നുള്ള സാമ്പിളുകളില്‍ നടത്തിയ പരിശോധനകളില്‍ എപ്പിബാറ്റിഡിന്‍ എന്ന വിഷാംശം കണ്ടെത്തിയതായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ ശനിയാഴ്ച അറിയിച്ചു.

തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന വിഷമുള്ള തവളകളിലാണ് എപ്പിബാറ്റിഡിന്‍ കാണപ്പെടുന്നതെന്നും റഷ്യയില്‍ സാധാരണമായി ഇത് ലഭ്യമല്ലെന്നും അവര്‍ വ്യക്തമാക്കി.

'നവാല്‍നിയെ റഷ്യ ഒരു ഭീഷണിയായി കണ്ടു. ഈ വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യന്‍ ഭരണകൂടം തങ്ങള്‍ക്കു ലഭ്യമായ നിന്ദ്യമായ മാര്‍ഗങ്ങളും രാഷ്ട്രീയ എതിര്‍പ്പിനോടുള്ള അമിതമായ ഭയവും പ്രകടമാക്കിയിരിക്കുന്നു'- ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യവെറ്റ് കൂപ്പര്‍ പറഞ്ഞു.

അഴിമതിക്കെതിരെ പോരാടുകയും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത നവാല്‍നി 2024 ഫെബ്രുവരിയില്‍ ആര്‍ട്ടിക് പീനല്‍ കോളനിയിലാണ് മരിച്ചത്. 19 വര്‍ഷത്തെ തടവു ശിക്ഷയാണ് അദേഹം അനുഭവിച്ചിരുന്നത്.

രണ്ട് സ്വതന്ത്ര ലബോറട്ടറികള്‍ ഭര്‍ത്താവിന് മരിക്കുന്നതിന് തൊട്ടുമുന്‍പ് വിഷം നല്‍കിയതായി കണ്ടെത്തിയെന്ന് നവാല്‍നിയുടെ ഭാര്യ യൂലിയ നവാല്‍നി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. നവാല്‍നിയുടെ മരണത്തിന് പുടിനാണ് ഉത്തരവാദിയെന്ന് അവര്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നെങ്കിലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയായിരുന്നു.

നവാല്‍നിയ്ക്ക് 2020 ല്‍ വിഷ ബാധയേറ്റിരുന്നു. ഇതേ തുടര്‍ന്ന് നാഡീ വ്യൂഹങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. കുടുംബവും സഖ്യകക്ഷികളും അദേഹത്തെ ചികിത്സയ്ക്കും പരിചരണത്തിനും ജര്‍മനിയിലേക്ക് കൊണ്ടുപോയി.

അഞ്ച് മാസത്തിന് ശേഷം അദേഹം റഷ്യയില്‍ മടങ്ങിയെത്തി. തുടര്‍ന്ന് നവാല്‍നിയെ റഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയുമായിരുന്നു. ജയിലില്‍ കഴിയവേയാണ് മരണം സംഭവിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.