ഇടുക്കി: പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പുതിയ സസ്യവര്‍ഗത്തിന് മലയാളി വൈദികന്റെ പേര് നല്‍കി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് മുന്‍ പ്രിന്‍സിപ്പലും മാനേജരുമായ പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയോടുള്ള ആദര സൂചകമായി സസ്യത്തിന് ടെട്രാറ്റേനിയം പൈകടെ (Tetrataenium paikadae) എന്ന പേരാണ് ഗവേഷകര്‍ നല്‍കിയത്.
ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് ഗവേഷകര്‍ ഈ സസ്യം കണ്ടെത്തിയത്. വിദ്യാഭ്യാസ മേഖലയില്‍ ഫാ. ജോസഫ് പൈകട നല്‍കിയ മഹത്തായ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഗവേഷകര്‍ പുതിയ സസ്യത്തിന് ഈ പേര് നല്‍കിയത്.
നിലവില്‍ ലോകത്താകെ ടെട്രാറ്റേനിയം ജനുസില്‍ 25 വര്‍ഗങ്ങളുണ്ട്. കാരറ്റ്, മല്ലി എന്നിവ ഉള്‍പ്പെടുന്ന അപ്പിയേസി (Apiaceae) കുടുംബത്തിലെ പുതിയൊരു അംഗമാണിതെന്ന് ഗവേഷകര്‍ പറയുന്നു. ദേവഗിരി കോളജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരായ സി. രേഖ, എം.കെ പ്രശാന്ത്, ടി.പി. അശ്വിന്‍ദാസ്, റിസേര്‍ച്ച് ഗൈഡ് ഡോ. കെ.എം. മനുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തല്‍.
സ്വീഡനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേര്‍ണലായ നോര്‍ഡിക് ജേര്‍ണല്‍ ഓഫ് ബോട്ടണിയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ പുതിയ സസ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
സമുദ്രനിരപ്പില്‍ നിന്ന് 1000 മുതല്‍ 2500 മീറ്റര്‍ വരെ ഉയരത്തിലുള്ള പുല്‍മേടുകളിലെ നനവാര്‍ന്ന ചതുപ്പ് പ്രദേശങ്ങളി ലാണ് ഈ പുതിയ സ്പീഷീസ് വളരുന്നത്. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഈ സ്പീഷിസിലെ ഏകദേശം 150 ചെടികള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് എന്നത് ഈ സസ്യത്തിന്റെ അപൂര്‍വതയും സംരക്ഷണത്തിന്റെ ആവശ്യകതയും സൂചിപ്പിക്കുന്നു. ഏകദേശം 30 മുതല്‍ 80 സെന്റി മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ തണ്ടുകള്‍ കട്ടിയുള്ള രോമങ്ങളാല്‍ നിറഞ്ഞതാണ്.
വെളുത്ത നിറത്തിലുള്ള പൂക്കളും അണ്ഡാകൃതിയിലുള്ള ഇലകളുമാണ് ഇതിന്റെ സവിശേഷത. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ പൂവിടുന്ന ഈ ചെടിയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് കായ്കള്‍ കാണപ്പെടുന്നത്.
കായ്കളിലെ എണ്ണക്കുഴലുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യത്യാസമാണ് സമാനമായ മറ്റ് സസ്യങ്ങളില്‍ നിന്നും ഇതിനെ വേര്‍തിരിക്കുന്നത്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്, അനുസന്ധാന്‍ നാഷണല്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം പൂര്‍ത്തിയാക്കിയത്.