ന്യൂഡല്‍ഹി: ഇസ്രയേല്‍ സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സന്ദര്‍ശന തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ന്യൂഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ചയോടെ പ്രധാനമന്ത്രി ഇസ്രയേലിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സന്ദര്‍ശനത്തിന് മുന്നോടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയെ പ്രശംസിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തവും തന്ത്രപരവുമായ സഖ്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 1.5 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഇസ്രയേലിന് വലിയ സ്വീകാര്യതയുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഡി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. മൂന്നാം തവണ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനവും. ഉഭയകക്ഷി സഹകരണത്തിന് പുറമെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഉള്‍പ്പെടെയുള്ള പ്രാദേശിക, ആഗോള സംഭവ വികാസങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ഇന്ത്യയിലെ ഇസ്രയേലി അംബാസഡര്‍ റൂവന്‍ അസര്‍ അടുത്തിടെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയ്‌ക്കൊപ്പം മന്ത്രിമാരും വ്യവസായ പ്രമുഖരും ഉള്‍പ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും ഉണ്ടാകും.
ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളികളില്‍ ഒന്നാണ് ഇസ്രയേല്‍. മിസൈലുകള്‍, ഡ്രോണുകള്‍ മുതല്‍ നിരീക്ഷണ, വ്യോമ പ്രതിരോധ പ്ലാറ്റ്ഫോമുകള്‍ വരെയുള്ള നിര്‍ണായക സംവിധാനങ്ങള്‍ ഇന്ത്യ ഇസ്രയേലില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
എന്നാല്‍ പ്രധാമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി പാലസ്തീന്‍ അനുകൂല സംഘടനകള്‍ രംഗത്തെത്തി. മോഡി ഇസ്രയേല്‍ സന്ദര്‍ശിക്കരുതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗാസ സമാധാന സമിതിയില്‍ ചേരാനുള്ള ക്ഷണം നിരസിക്കണമെന്നും ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് പാലസ്തീന്‍ (ഐപിഎസ്പി) ആവശ്യപ്പെട്ടു.