ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാൻ അതിർത്തിയിൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തി അമേരിക്ക. ജനീവയിൽ നിർണായകമായ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാന് മേൽ സമ്മർദം ശക്തമാക്കാൻ അത്യാധുനിക പോർ വിമാനങ്ങളും യുദ്ധക്കപ്പലുകളും യുഎസ് മേഖലയിൽ വിന്യസിച്ചത്. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഏകദേശം അമ്പതോളം എഫ്- 35 സ്റ്റെൽത്ത് പോർവിമാനങ്ങളാണ് ഇറാൻ അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നത്. ഇതിന് പുറമെ ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളായ എഫ്- 22 റാപ്റ്റർ, എഫ്- 16 എന്നിവയെയും അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്. സി- 17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വഴി അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളും വൻതോതിൽ സൈനിക ഉപകരണങ്ങളും അതിവേഗം മേഖലയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ നിലവിൽ ഇറാന് സമീപത്തെ ജലാതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. സൂയസ് കനാൽ കടന്ന് ചെങ്കടലിലേക്ക് പ്രവേശിച്ച ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്കിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നു. എംക്യു- 4 സി ട്രൈറ്റൺ നിരീക്ഷണ ഡ്രോണുകൾ ഉപയോഗിച്ച് പേർഷ്യൻ ഗൾഫിൽ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
"ഇറാന് നേരെ അതിമനോഹരമായ ഒരു നാവികവ്യൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആണവ കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ നേരിടേണ്ടി വരുന്നത് വലിയ വിലയായിരിക്കും."ട്രംപ് മുന്നറിയിപ്പ് നൽകി.
ആണവ ചർച്ചകൾ നടക്കുമ്പോഴും ഇറാന്റെ സൈനിക നീക്കങ്ങളെയും എണ്ണക്കടത്തിനെയും തടയിടുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ നീക്കം. ചർച്ചകളിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ കടുത്ത സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന വ്യക്തമായ സൂചനയാണ് ഈ സൈനിക വിന്യാസം നൽകുന്നത്.