യുദ്ധക്കെടുതികൾക്കിടയിലും പ്രത്യാശയുടെ ഗോപുരം; മ്യാൻമറിൽ പുതിയ കത്തോലിക്കാ ദേവാലയം തുറന്നു

യുദ്ധക്കെടുതികൾക്കിടയിലും പ്രത്യാശയുടെ ഗോപുരം; മ്യാൻമറിൽ പുതിയ കത്തോലിക്കാ ദേവാലയം തുറന്നു

യാങ്കൂൺ: ആഭ്യന്തര യുദ്ധവും വംശീയ സംഘർഷങ്ങളും വിതച്ച നാശങ്ങൾക്കിടയിൽ അതിജീവനത്തിന്റെ പുതിയ പാഠമെഴുതി മ്യാൻമർ ക്രൈസ്തവ സമൂഹം. സൈനിക ഭരണകൂടത്തിന്റെ ആക്രമണങ്ങളിൽ നൂറുകണക്കിന് ആരാധനാലയങ്ങൾ തകർക്കപ്പെട്ട ചിൻ സ്റ്റേറ്റിൽ, അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ദേവാലയം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ഹാഖ രൂപതയിലെ മറ്റൂപ്പി ടൗൺഷിപ്പിലുള്ള സെന്റ് ജോസഫ് ദേവാലയമാണ് പ്രത്യാശയുടെ പ്രതീകമായി വെഞ്ചരിക്കപ്പെട്ടത്.

2021 ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ തുടരുന്ന സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ ചിൻ സ്റ്റേറ്റിലാണ്. മേഖലയിലെ പകുതിയോളം ജനങ്ങളും ഇതിനോടകം പലായനം ചെയ്തു കഴിഞ്ഞു. ക്രൈസ്തവ ദേവാലയങ്ങളെ 'പ്രതിരോധ കേന്ദ്രങ്ങളായി' മുദ്രകുത്തി സൈന്യം ബോധപൂർവ്വം ലക്ഷ്യം വയ്ക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

2021 മുതൽ ഇതുവരെ 107 മതപരമായ കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഇതിൽ 67 എണ്ണം ക്രൈസ്തവ ദേവാലയങ്ങളാണ്. താന്ത്ലാങ് നഗരത്തിലുണ്ടായിരുന്ന 22 പള്ളികളിൽ 21 ഉം സൈന്യം ചുട്ടെരിച്ചു. 2025 ഫെബ്രുവരിയിൽ മിൻഡാറ്റിലെ സേക്രഡ് ഹാർട്ട് ചർച്ചും, ഏപ്രിലിൽ ഫലാമിലെ ക്രൈസ്റ്റ് ദ കിങ് ചർച്ചും വ്യോമാക്രമണത്തിൽ തകർന്നിരുന്നു.

ഭീകരാന്തരീക്ഷത്തിലും പതറാത്ത വിശ്വാസത്തിന് ലഭിച്ച പ്രതിഫലമാണ് ഈ പുതിയ ദേവാലയമെന്ന് ഹാഖ ബിഷപ്പ് ലൂസിയസ് ഹ്രെ കുങ് വിശേഷിപ്പിച്ചു. "ഒരു ഇടവകയുടെ ജീവിതത്തിൽ പുതിയൊരു ദേവാലയം സമർപ്പിക്കപ്പെടുന്നതിനേക്കാൾ സന്തോഷകരമായ നിമിഷമില്ല. കഷ്ടപ്പാടുകൾക്കിടയിലും ദൈവം നമ്മെ കൈവിടുന്നില്ല എന്നതിന്റെ വലിയ അടയാളമാണിത്," - അദേഹം പറഞ്ഞു. പ്രാർത്ഥനയിലും ഐക്യത്തിലും ഉറച്ചുനിൽക്കാൻ ബിഷ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

മ്യാൻമറിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ചിൻ സ്റ്റേറ്റിലെ അഞ്ച് ലക്ഷം ജനങ്ങളിൽ 85 ശതമാനവും ക്രൈസ്തവരാണ്. നിലവിൽ ഈ മേഖലയുടെ വലിയൊരു ഭാഗവും സൈനിക ഭരണകൂടത്തിന് വിരുദ്ധമായി പോരാടുന്ന വംശീയ സായുധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. നിരന്തരമായ വ്യോമാക്രമണങ്ങൾക്കിടയിലും സെന്റ് ജോസഫ് ദേവാലയം തുറന്നത് ആഗോള ക്രൈസ്തവ സമൂഹത്തിനിടയിലും വലിയ ചർച്ചയായിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.