അമേരിക്കയുടെ മുന്നറിയിപ്പിനിടെ ഇറാന്‍-റഷ്യ സംയുക്ത നാവിക അഭ്യാസം; ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഖൊമേനി

അമേരിക്കയുടെ മുന്നറിയിപ്പിനിടെ  ഇറാന്‍-റഷ്യ സംയുക്ത നാവിക അഭ്യാസം; ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഖൊമേനി

ടെഹ്റാന്‍: അമേരിക്കയുടെ കടുത്ത മുന്നറിയിപ്പിനിടെ സംയുക്ത നാവിക അഭ്യാസങ്ങള്‍ക്ക് ഇറാനും റഷ്യയും. ഒമാന്‍ കടലില്‍ ഇന്നാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത നാവിക അഭ്യാസങ്ങള്‍.

ജനീവയില്‍ ഇറാനും അമേരിക്കയും തമ്മില്‍ നടന്ന രണ്ടാംഘട്ട ആണവ നിര്‍വ്യാപന ചര്‍ച്ചയിലും കാര്യമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തില്‍ റഷ്യയെ കൂട്ടുപിടിച്ചുള്ള ഇറാന്റെ നീക്കം ജാഗ്രതയോടെയാണ് ലോകം വീക്ഷിക്കുന്നത്.

മേഖലയില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസം ഒമാന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി നടക്കുന്നത്.

കടല്‍ സുരക്ഷ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംയുക്ത നാവികാഭ്യാസത്തിന്റെ വക്താവ് റിയര്‍ അഡ്മിറല്‍ ഹസന്‍ മഗ്സൂദ്‌ലൂ പറഞ്ഞു.

ജനീവയിലെ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. വിമാനവാഹിനി കപ്പലുകളടക്കം അയച്ച് പശ്ചിമേഷ്യയിലെ സൈനിക ശക്തി അമേരിക്ക വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെ വീണ്ടും എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം ശക്തമായി ആക്രമിക്കാന്‍ കഴിയുമെന്നും വിമാന വാഹിനി കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയയ്ക്കാന്‍ കഴിയുമെന്നും കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ആളുകളെ അഭിസംബോധന ചെയ്ത് ഖൊമേനി പറഞ്ഞു.

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം തങ്ങളുടെ രാജ്യത്തിന് ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് പലപ്പോഴും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും ശക്തമായ സൈന്യത്തിന് പോലും ഒരിക്കലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്തത്ര കഠിനമായി തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഖൊമേനി പറഞ്ഞു.

ഇറാന്‍ തീരത്തോട് ചേര്‍ന്ന് നങ്കൂരമിട്ടിരിക്കുന്ന യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലിനെ ലക്ഷ്യം.വെച്ചാണ് ഖമീനിയുടെ പ്രസ്താവനയെന്നാണ് സൂചന. അയ്യായിരത്തിലധികം സൈനികര്‍ ഉള്ള എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലില്‍ എഫ് 35 അടക്കമുള്ള 90 ഓളം യുദ്ധ വിമാനങ്ങളുണ്ട്.

ഇറാനില്‍ നിന്ന് ഏകദേശം 700 കിലോ മീറ്റര്‍ അകലെ ഒമാന്‍ തീരത്താണ് നിലവില്‍ ഈ കപ്പലുള്ളതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടയില്‍ തന്നെയാണ് ഒമാന്‍ കടലില്‍ റഷ്യയുമായി ചേര്‍ന്നുള്ള ഇറാന്റെ നാവിക ആഭ്യാസങ്ങള്‍ അരങ്ങേറുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.