ഭൂമിക്ക് വെല്ലുവിളിയായി 'സിറ്റി കില്ലര്‍' ഛിന്നഗ്രഹങ്ങള്‍: നിലവില്‍ പ്രതിരോധം അസാധ്യമെന്ന് നാസ

ഭൂമിക്ക് വെല്ലുവിളിയായി  'സിറ്റി കില്ലര്‍' ഛിന്നഗ്രഹങ്ങള്‍: നിലവില്‍ പ്രതിരോധം അസാധ്യമെന്ന് നാസ

ഫ്‌ളോറിഡ: ശാസ്ത്ര ലോകത്തിന്റെ കണ്ണില്‍പ്പെടാതെ ഭൂമിയെ തകര്‍ക്കാന്‍ ശേഷിയുള്ള പതിനയ്യായിരത്തോളം ഛിന്നഗ്രഹങ്ങള്‍ ഇപ്പോഴും ബഹിരാകാശത്ത് കറങ്ങി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഇവയെ കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്ന് നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ചീഫ് ഡോ. കെല്ലി ഫാസ്റ്റ് പറഞ്ഞു. നഗരങ്ങളെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ശേഷിയുള്ള 'സിറ്റി കില്ലര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഛിന്നഗ്രഹങ്ങളാണ് ഇവ.

ഏകദേശം 140 മീറ്റര്‍ വലിപ്പമുള്ള ഇടത്തരം ഛിന്നഗ്രഹങ്ങളെയാണ് നാസ 'സിറ്റി കില്ലറുകള്‍' എന്ന് വിളിക്കുന്നത്. ഇവ ഭൂമിയില്‍ പതിച്ചാല്‍ ഒരു വന്‍ നഗരത്തെ പൂര്‍ണമായും തകര്‍ക്കാനും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്താനും കഴിയും. 1908 ല്‍ സൈബീരിയയില്‍ ഏകദേശം 2,000 ചതുരശ്ര കിലോ മീറ്റര്‍ വനം നശിപ്പിച്ച തുംഗുസ്‌ക എന്ന സംഭവത്തിന് കാരണമായത് ഇത്തരമൊരു ചെറിയ ഛിന്നഗ്രഹമാണ്.

ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഏകദേശം 25,000 ഇടത്തരം ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ പരിസരത്തുണ്ട്. എന്നാല്‍ ഇതില്‍ 40 ശതമാനം മാത്രമേ നിലവിലുള്ള നിരീക്ഷണ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇതുവരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളൂ.

ബാക്കിയുള്ള 15,000 എണ്ണം ഇപ്പോഴും അജ്ഞാതമാണ്. ഇവ ഇരുണ്ട നിറമുള്ളവയായതിനാല്‍ സാധാരണ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് കണ്ടെത്തുക പ്രയാസമാണ്. പലപ്പോഴും ഭൂമിയോട് വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ് ഇവയെ തിരിച്ചറിയാന്‍ സാധിക്കുക.

2022 ലെ നാസയുടെ ഡാര്‍ട്ട് ദൗത്യത്തിലൂടെ ഒരു ഛിന്നഗ്രഹത്തിന്റെ പാത മാറ്റാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു പ്രതിരോധ ദൗത്യം പെട്ടെന്ന് നടപ്പിലാക്കാന്‍ ആവശ്യമായ സാങ്കേതിക സംവിധാനങ്ങളോ ഫണ്ടോ നിലവില്‍ ഭൂമിക്കില്ല.

ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് വരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ പോലും അതിനെ തടയാന്‍ വര്‍ഷങ്ങള്‍ നീണ്ട മുന്നൊരുക്കം ആവശ്യമാണ്. നിലവില്‍ അത്തരമൊരു പ്രതിരോധ പേടകം സജ്ജമല്ലെന്ന് നാസ സമ്മതിക്കുന്നു.

ഈ വെല്ലുവിളി നേരിടാന്‍ നിയോ സര്‍വേയര്‍ എന്ന ഇന്‍ഫ്രാറെഡ് സ്‌പേസ് ടെലിസ്‌കോപ്പ് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് നാസ. ഛിന്നഗ്രഹങ്ങളില്‍ നിന്നുള്ള ചൂട് തിരിച്ചറിഞ്ഞ് അവയെ കണ്ടെത്താന്‍ ഈ ടെലിസ്‌കോപ്പിന് സാധിക്കും. പ്രകാശം പ്രതിഫലിപ്പിക്കാത്ത ഛിന്നഗ്രഹങ്ങളെ കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത്തരം അപകടകാരികളായ ഛിന്നഗ്രഹങ്ങളില്‍ 90 ശതമാനത്തെയും കണ്ടെത്തുകയാണ് നാസയുടെ ലക്ഷ്യം. അന്താരാഷ്ട്ര സഹകരണവും പുതിയ സാങ്കേതിക വിദ്യകളും വഴി മാത്രമേ ഭാവിയില്‍ ഇത്തരം ബഹിരാകാശ ഭീഷണികളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനാവൂ എന്നും നാസ വ്യക്തമാക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.