ബുദ്ധിയുടെ കടപ്പത്രങ്ങള്‍: എഐ യുഗത്തില്‍ വിറ്റുതുലയ്ക്കുന്ന മനുഷ്യ ചിന്ത

ബുദ്ധിയുടെ കടപ്പത്രങ്ങള്‍: എഐ യുഗത്തില്‍ വിറ്റുതുലയ്ക്കുന്ന മനുഷ്യ ചിന്ത

ആശയങ്ങള്‍ വാക്കുകളായി മാറുന്ന നിമിഷത്തിലാണ് മനുഷ്യന്റെ ചിന്തയ്ക്ക് ജീവനും വ്യക്തതയും കൈവരുന്നത്. എന്നാല്‍ ആഴത്തിലുള്ള ബൗദ്ധിക പ്രയത്‌നം കൂടാതെ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ മനോഹരമായ ഉത്തരങ്ങളും ഉപന്യാസങ്ങളും സൃഷ്ടിച്ചെടുക്കാന്‍ യന്ത്രങ്ങള്‍ക്ക് കഴിയുന്ന പുതിയ കാലത്ത്, മനുഷ്യന്റെ ചിന്താശേഷി തന്നെയാണ് വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.

നിര്‍മിത ബുദ്ധിയെ മുന്‍നിര്‍ത്തി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുകയോ മികച്ച പ്രോജക്റ്റുകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നത് വലിയൊരു ബൗദ്ധിക നേട്ടമായി തോന്നാമെങ്കിലും, യഥാര്‍ത്ഥത്തില്‍ നാം ചിന്താപരമായ കടബാധ്യതയിലേക്കാണ് നടന്നടുക്കുന്നത്. സ്വന്തമായി വാദങ്ങള്‍ രൂപീകരിക്കാനും അനുയോജ്യമായ വാക്കുകള്‍ കണ്ടെത്താനും തലച്ചോറ് നടത്തുന്ന കഠിനാധ്വാനത്തെ പൂര്‍ണമായും യന്ത്രങ്ങള്‍ക്ക് പണയം വെക്കുമ്പോള്‍, ബാഹ്യമായ തിളക്കമുള്ള സൃഷ്ടികള്‍ക്ക് പിന്നില്‍ ശൂന്യമായ ഒരു മനസാണ് അവശേഷിക്കുന്നത്.

മുന്‍കൂട്ടി തയ്യാറാക്കിയ ആശയങ്ങളെ വെറുതെ കടലാസിലേക്ക് പകര്‍ത്തുന്ന ഒന്നല്ല എഴുത്ത്. ശരിയായ വാക്കിനായുള്ള തിരച്ചിലും തെറ്റായ വാചകങ്ങളുടെ തിരുത്തിയെഴുത്തും വഴി മാത്രമാണ് മാനസിക ചിന്തകള്‍ വ്യക്തമായ അറിവായി രൂപാന്തരപ്പെടുന്നത്. ഈ സ്വാഭാവിക പ്രക്രിയയെ എഐ ഉപയോഗിച്ച് മറികടക്കുമ്പോള്‍ സൃഷ്ടിയുടെ ഭാഷാപരമായ പ്രാവീണ്യം മെച്ചപ്പെട്ടേക്കാം. പക്ഷെ ആ അറിവിന്റെ ഉടമസ്ഥത വ്യക്തിക്ക് പൂര്‍ണമായും നഷ്ടപ്പെടുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനോഹരമായി എഴുതി പൂര്‍ത്തിയാക്കിയ ഉപന്യാസങ്ങളിലെ ഒരു വരി പോലും പിന്നീട് ഓര്‍ത്തെടുക്കാന്‍ സാധിക്കാതെ പോകുന്ന പ്രതിഭാസം ചൂണ്ടിക്കാണിക്കുന്നത് ഈ വൈജ്ഞാനിക വിച്ഛേദത്തെയാണ്.

സാമ്പത്തിക കടങ്ങള്‍ ഭാവിയിലെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നതുപോലെ, അധ്വാനമില്ലാതെ യന്ത്രത്തില്‍ നിന്ന് കടമെടുക്കുന്ന ഇത്തരം അറിവുകള്‍ പരീക്ഷണ ഘട്ടങ്ങളിലും സ്വതന്ത്രമായി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടി വരുന്ന നിര്‍ണായക നിമിഷങ്ങളിലും വ്യക്തിയെ പൂര്‍ണമായും നിസഹായനാക്കും. നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം കാലങ്ങളായി വച്ചുപുലര്‍ത്തുന്ന പാളിച്ചകളെ എഐ കൂടുതല്‍ വേഗത്തില്‍ പുറത്തുകൊണ്ടു വരിക മാത്രമാണ് ചെയ്യുന്നത്.

പഠനത്തിന്റെ ആഴമോ ആശയങ്ങളുടെ ഗുണനിലവാരമോ പരിശോധിക്കുന്നതിന് പകരം, പ്രോജക്റ്റുകളുടെ വലിപ്പത്തിനും ബാഹ്യമായ ഭംഗിക്കും നിശ്ചിത സമയത്തിനുള്ളില്‍ നോട്ട്‌സുകള്‍ പകര്‍ത്തിവെക്കുന്നതിനുമാണ് ഇന്നും മുന്‍ഗണന നല്‍കപ്പെടുന്നത്. വിവരങ്ങള്‍ മനപാഠമാക്കി മാറ്റിയെഴുതുന്ന ഈ നിഷ്‌ക്രിയ പഠനരീതിയെ എഐ കൂടുതല്‍ എളുപ്പമുള്ളതാക്കി മാറ്റിയപ്പോള്‍, സ്വയം ചിന്തിക്കാതെ തന്നെ മികച്ച വിജയം നേടിയെടുക്കാന്‍ സാധിക്കുമെന്ന തെറ്റിധാരണ ശക്തമായി.

പരീക്ഷയുടെ അന്തിമ ഫലത്തിന് മാത്രം പ്രാധാന്യം നല്‍കുകയും അതിന് പിന്നിലെ ചിന്താപ്രക്രിയ ആരുടേതാണെന്ന് അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം ഈ ബൗദ്ധിക തകര്‍ച്ച വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കും. യന്ത്രങ്ങള്‍ക്ക് മുന്‍പില്‍ ചിന്താ ശേഷി അടിയറവ് വെക്കാതിരിക്കണമെങ്കില്‍ അറിവിനെ അളക്കുന്ന അളവുകോലുകള്‍ പൂര്‍ണമായും തിരുത്തിയെഴുതപ്പെടേണ്ടതുണ്ട്.

കേവലം വിവരശേഖരണത്തിനപ്പുറം തത്സമയ ആശയ പ്രകടനങ്ങള്‍ക്കും സര്‍ഗാത്മകവും വിമര്‍ശനാത്മകവുമായ ചിന്തകള്‍ക്കും മുന്‍ഗണന നല്‍കുന്ന രീതിയിലേക്ക് വിദ്യാഭ്യാസ സമ്പ്രദായം മാറണം. എഐ തരുന്ന ഉത്തരങ്ങളെ അന്ധമായി പകര്‍പ്പവകാശമില്ലാതെ ഉപയോഗിക്കുന്നതിന് പകരം അവയെ ചോദ്യം ചെയ്യാനും അപഗ്രഥിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് പ്രധാനം.

യന്ത്രത്തിന് വ്യക്തിക്ക് വേണ്ടി ചിന്തിക്കാന്‍ കഴിയാത്ത ഒരു ലോകത്ത് സ്വന്തം ബുദ്ധിയും ചിന്താശേഷിയും മാത്രം കൈമുതലായി നില്‍ക്കേണ്ടി വരുമ്പോള്‍, കടമെടുത്ത കഴിവുകള്‍ കൊണ്ട് വിജയം നേടിയവര്‍ക്ക് നിലനില്‍പ്പുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.