ബ്രിസ്ബെയ്ൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ ജൂത ആരാധനാലയത്തിന് നേരെ കാർ ഇടിച്ചുകയറ്റി ആക്രമണം. സിറ്റി സെന്ററിലെ മാർഗരറ്റ് സ്ട്രീറ്റിലുള്ള സിനഗോഗിന്റെ ഗേറ്റ് ടൊയോട്ട ഹിലക്സ് വാഹനം ഉപയോഗിച്ചാണ് തകർത്തത്. സംഭവത്തിൽ സണ്ണിബാങ്ക് സ്വദേശിയായ 32-കാരനെ ക്വീൻസ്‌ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മനഃപൂർവം ഗേറ്റിലേക്ക് വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ മിനിറ്റുകൾക്കകം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ സമയത്ത് പള്ളിക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വാഹനം ഇടിച്ചുകയറുന്ന സമയത്ത് ഒരാൾ പള്ളിമുറ്റത്ത് നിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ കൗണ്ടർ ടെററിസം വിഭാഗം അന്വേഷണം നടത്തിയെങ്കിലും ഇതൊരു ഭീകരാക്രമണമല്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയുടെ മാനസിക നിലയും ലഹരി ഉപയോഗവും ആക്രമണത്തിന് കാരണമായിട്ടുണ്ടാകാമെന്ന് ആക്ടിംഗ് സൂപ്രണ്ട് മൈക്കൽ ഹോഗൻ പറഞ്ഞു.
പ്രതിക്കെതിരെ മനപൂർവമായ നാശനഷ്ടം വരുത്തൽ, വിദ്വേഷ കുറ്റകൃത്യം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, ലഹരിമരുന്ന് കൈവശം വെക്കൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആക്രമണം ജൂത സമൂഹത്തെ വല്ലാതെ ഭയപ്പെടുത്തിയതായി ക്വീൻസ്‌ലൻഡ് ജൂത ബോർഡ് ഓഫ് ഡെപ്യൂട്ടീസ് വൈസ് പ്രസിഡന്റ് ലിബി ബർക്ക് പറഞ്ഞു. "എല്ലാ ജൂതന്മാർക്കും ഭയമില്ലാതെ ആരാധന നടത്താൻ അവകാശമുണ്ട്. ഈ ആക്രമണം ഒരു സമൂഹത്തിന് നേരെയുള്ളതല്ല, മറിച്ച് എല്ലാവർക്കും നേരെയുള്ളതാണ്," അവർ വ്യക്തമാക്കി.
സംഭവം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ക്വീൻസ്‌ലൻഡ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി പ്രതികരിച്ചു. ആരാധനാലയങ്ങളെ സംരക്ഷിക്കുന്നതിനായി പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന ശക്തമായ നിയമങ്ങളുടെ പ്രാധാന്യം ഇത്തരം സംഭവങ്ങൾ അടിവരയിടുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പുതിയ നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക് കൗൺസിൽ ഉൾപ്പെടെയുള്ള പല സംഘടനകളുമായി സർക്കാർ ചർച്ച നടത്തിയിട്ടില്ലെന്ന പരാതിയും ഇതിനിടെ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.