ജറുസലേം: ആയത്തുള്ള ഖൊമേനിയുടെ മരണ ശേഷം ഇറാനില്‍ അധികാരമേറ്റ പുതിയ ഭരണകൂടം മുന്‍പത്തേക്കാള്‍ തീവ്രവും അപകടകാരിയുമാണെന്ന് ഇസ്രയേല്‍. നിലവിലെ ഭരണ നേതൃത്വം ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ കടുത്ത പ്രത്യയ ശാസ്ത്ര വാശിയുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നതാണെന്നും ഇത് രാജ്യത്തിന്റെ നിലനില്‍പിന് തന്നെ വെല്ലുവിളിയാണെന്നുമാണ് ഐ.ഡി.എഫ് ഇസ്രയേല്‍ പാര്‍ലമെന്റിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്താബ ഖൊമേനിയാണ് ഇപ്പോള്‍ രാജ്യത്തെ നയിക്കുന്നത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ നേതാക്കളാണ് പുതിയ ഭരണകൂടത്തിന്റെ കരുത്ത്. മുന്‍ രാഷ്ട്രീയ നേതൃത്വത്തെക്കാള്‍ പ്രത്യയശാസ്ത്രപരമായി കടുത്ത നിലപാടുള്ളവരാണ് ഇവരെന്നാണ് ഇസ്രയേല്‍ വിലയിരുത്തല്‍.
അതേസമയം രണ്ടാഴ്ചത്തെ വെടിനിറുത്തല്‍ കരാറിന്റെ ഭാഗമായി സമാധാന ചര്‍ച്ചകള്‍ ശനിയാഴ്ച പാകിസ്ഥാനില്‍ ആരംഭിക്കും. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രത്യേക പ്രതിവനിദി സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യു.എസ് സംഘം ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചര്‍ച്ചകളില്‍ ഇറാനെ പ്രതിനിധീകരിക്കുക.
കൂടാതെ ലബനനും ഇസ്രയേലും തമ്മിലുള്ള വെടിനിറുത്തല്‍ ചര്‍ച്ചകള്‍ അടുത്ത ആഴ്ച യു.എസിലും നടക്കും. സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ അത് ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ തകര്‍ത്തേക്കാവുന്ന വലിയൊരു യുദ്ധത്തിലേക്ക് നയിക്കും.