'അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണ്': ആലിന്‍ എന്ന കുഞ്ഞു മാലാഖയെയും മാതാപിതാക്കളെയും മന്‍ കീ ബാത്തില്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

'അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണ്': ആലിന്‍ എന്ന കുഞ്ഞു മാലാഖയെയും മാതാപിതാക്കളെയും മന്‍ കീ ബാത്തില്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി പുതുചരിത്രം കുറിച്ച് കടന്നു പോയ പത്ത് മാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദേഹം അഭിനന്ദിക്കുകയും ചെയ്തു.

'ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നതിനേക്കാള്‍ വലുതായി മറ്റൊരു വേദനയില്ല. തീരെ ചെറിയ കുഞ്ഞിനെ നഷ്ടമാകുന്ന വേദന അതിനേക്കാള്‍ ആഴമേറിയതാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്നുള്ള നിഷ്‌കളങ്കയായ ഒരു കുഞ്ഞുപെണ്‍കുട്ടിയെ-ആലിന്‍ ഷെറിന്‍ എബ്രഹാമിനെ നമുക്ക് നഷ്ടമായി. അവളുടെ മാതാപിതാക്കളുടെ വേദന വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാകില്ല.

എന്നാലും ആ വേദനയ്ക്കിടയിലും ആലിന്റെ മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിനും ഒരു തീരുമാനമെടുത്തു. അവര്‍ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായി. ആ ഒരൊറ്റ തീരുമാനത്തിലൂടെ വ്യക്തമാകുന്നുണ്ട്, അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണെന്ന്.

ആലിന്‍ ഇന്ന് നമുക്കൊപ്പമില്ല. എന്നാല്‍ അവളുടെ പേര് രാജ്യത്തെ പ്രായം കുറഞ്ഞ അവയവദാതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചു വരികയാണ്. വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുകയാണ്. ആലിനെപ്പോലെ അവയവ ദാനത്തിലൂടെ മറ്റൊരാള്‍ക്ക് പുതുജീവന്‍ നല്‍കിയ നിരവധി പേരുണ്ട്' - പ്രധാനമന്ത്രി പറഞ്ഞു.

പത്തനംതിട്ട നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായിരുന്നു പത്തുമാസം പ്രായക്കാരിയായ ആലിന്‍. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ എം.സി. റോഡില്‍ പള്ളം ബോര്‍മ കവലയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിന്‍.

മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെയാണ് മാതാപിതാക്കള്‍ അവയവദാനത്തിന് തീരുമാനിച്ചത്. നാല് കുട്ടികള്‍ക്ക് പുതുജീവനേകിയാണ് ആ കുഞ്ഞുമാലാഖ യാത്രയായത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍. ആലിന്റെ വൃക്കകളും കരളും ഹൃദയവാല്‍വും നാല് കുട്ടികള്‍ക്കാണ് പുതുജീവനേകുന്നത്. ഇതില്‍ രണ്ടുപേര്‍ അവയവങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.