നോമ്പുകാലത്തു പരിസ്ഥിതിക്കിണങ്ങുന്ന 50 നല്ല കാര്യങ്ങളുമായി ഡാർവിൻ സെന്റ് അൽഫോൻസ ഇടവക

നോമ്പുകാലത്തു പരിസ്ഥിതിക്കിണങ്ങുന്ന 50 നല്ല കാര്യങ്ങളുമായി ഡാർവിൻ സെന്റ് അൽഫോൻസ ഇടവക

ഡാർവിൻ: അൻപത് നോമ്പിന്റെ പുണ്യകാലം പ്രാർത്ഥനയ്ക്കൊപ്പം പ്രകൃതിക്കും സമൂഹത്തിനും ഗുണകരമാകുന്ന രീതിയിൽ മാറ്റിയെടുക്കാൻ ആഹ്വാനം ചെയ്ത് ഡാർവിൻ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവക. നോമ്പുകാലത്തെ ഓരോ ദിവസത്തെയും അർത്ഥപൂർണ്ണമാക്കാൻ വിശ്വാസികൾ ചെയ്യേണ്ട 50 സൽപ്രവൃത്തികളുടെ പട്ടികയാണ് ഇടവക തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ ഈ മാർ​ഗരേഖ ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും വിതരണം ചെയ്തു.

പരിസ്ഥിതി സംരക്ഷണം, മിതവ്യയം, കാരുണ്യം എന്നിവയ്ക്കാണ് ഈ 50 കാര്യങ്ങളിൽ മുൻഗണന നൽകിയിരിക്കുന്നത്. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ചട്ടിയിലോ ചാക്കിലോ പച്ചക്കറികൾ നട്ടുപിടിപ്പിക്കുക. പല്ല് തേച്ചുകൊണ്ടിരിക്കുമ്പോൾ ടാപ്പുകൾ അടയ്ക്കുക, ജലം പാഴാക്കാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഇലക്ട്രിസിറ്റി ഉപയോഗം നിയന്ത്രിക്കുക, മൊബൈൽ ഫോൺ ചാർജ് ചെയ്യാത്ത സമയങ്ങളിൽ ചാർജറുകൾ പ്ലഗിൽ നിന്ന് മാറ്റിയിടുക. ആഴ്ചയിലൊരിക്കലെങ്കിലും ഉപവസിക്കുകയും, അതിലൂടെ ലാഭിക്കുന്ന പണം പാവപ്പെട്ടവർക്കായി നീക്കിവെക്കുകയും ചെയ്യുക. ആഴ്ചയിൽ ഒരു മണിക്കൂർ മൊബൈൽ, ഇന്റർനെറ്റ് എന്നിവ ഒഴിവാക്കി കുടുംബാംഗങ്ങൾക്കൊപ്പം ചിലവഴിക്കുക. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക. തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

ഇടവക വികാരി റവ. ഡോ. ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ് എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നോമ്പുകാലത്ത് വിശ്വാസികൾ ശീലിക്കുന്ന ഈ ചെറിയ കാര്യങ്ങൾ സമൂഹത്തിനും പ്രകൃതിക്കും വലിയ നന്മയായി മാറുമെന്ന് ഫാ. പുതുവ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.