ഇസ്ലമാബാദ്: മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ കടല്‍ മാര്‍ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് പാക് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബ ഡെപ്യൂട്ടി ചീഫും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സെയ്ഫുള്ള കസൂരിയുടെ ഭീഷണി.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ആകാശത്ത് ആധിപത്യം സ്ഥാപിച്ചുവെന്നും ഈ വര്‍ഷം കടലില്‍ ആധിപത്യം ഉറപ്പിക്കുമെന്നും കസൂരിയുടെതായി പുറത്തു വന്ന വീഡിയോയില്‍ അവകാശപ്പെടുന്നു. ശത്രുക്കള്‍ക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നുമാണ് ഭീകര നേതാവ് വീഡിയോയില്‍ പറയുന്നത്.
ഭീഷണി വെറും പ്രചാരണം മാത്രമാണോ അതോ ഗൗരവകരമായ ആസൂത്രണമാണോ എന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം തകര്‍ന്ന ഭീകരരുടെ മനോവീര്യം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതിനെ സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നത്.
എങ്കിലും 2008 ലെ 26/11 മോഡല്‍ ആക്രമണത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശമുള്ളതിനാല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ സുരക്ഷാ ജാഗ്രത അതീവ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ വീണ്ടും കടല്‍ മാര്‍ഗം നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് നാവിക സേനയും തീരസംരക്ഷണ സേനയും നിരീക്ഷണം കര്‍ശനമാക്കി.
2025 ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ
ബഹാവല്‍പൂര്‍, മുരിദ്കെ എന്നിവിടങ്ങളിലെ ലഷ്‌കര്‍ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ശക്തമായ ആക്രമണത്തില്‍ സെയ്ഫുള്ള കസൂരി അങ്ങേയറ്റം പ്രകോപിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ നടപടിയെ അതിക്രമം എന്ന് വിശേഷിപ്പിച്ച ഇയാള്‍, പാകിസ്ഥാന്‍ സൈന്യത്തിന്റെ പൂര്‍ണ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വീഡിയോയില്‍ തുറന്നു സമ്മതിക്കുന്നുണ്ട്. ഇത് ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന്‍ ഭരണകൂടം നല്‍കുന്ന പിന്തുണയെക്കുറിച്ചുള്ള ഇന്ത്യയുടെ ആരോപണങ്ങളെ ശരി വെക്കുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നേരിട്ട് മുന്നറിയിപ്പ് നല്‍കുന്ന കസൂരി, ഇന്ത്യ ജല ഭീകരവാദം നടത്തുകയാണെന്നും ആരോപിക്കുന്നു. കാശ്മീരിലെ ഇന്ത്യയുടെ നടപടികള്‍ക്ക് ബലൂചിസ്ഥാനിലടക്കം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. 'അവര്‍ മദീനയെ ആക്രമിക്കില്ല എന്നാല്‍ അവര്‍ ഇന്ത്യന്‍ മത കേന്ദ്രങ്ങളെ ലക്ഷ്യമിടും' എന്ന് ഇയാള്‍ വീഡിയോയില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
അയോധ്യയിലെ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ആരാധനാലയങ്ങളെ ലക്ഷ്യം വെച്ചേക്കാമെന്ന സൂചനയാണിതെന്നാണ് വിലയിരുത്തല്‍. സാധാരണക്കാരെയും ഇന്ത്യയുടെ സാംസ്‌കാരിക പ്രതീകങ്ങളെയും ആക്രമിക്കാനുള്ള ലഷ്‌കറിന്റെ ഗൂഢാലോചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും വിലയിരുത്തപ്പെടുന്നു.