കാൻബറ: ഓസ്‌ട്രേലിയൻ സമൂഹത്തിലും സ്ഥാപനങ്ങളിലും വർധിച്ച് വരുന്ന ജൂത വിരുദ്ധതയെക്കുറിച്ചും സാമൂഹിക ഐക്യത്തെക്കുറിച്ചും പഠിക്കുന്ന റോയൽ കമ്മീഷന്റെ നടപടികൾ പൂർണമായും സുതാര്യമായിരിക്കുമെന്ന് കമ്മീഷൻ അധ്യക്ഷ വിർജീനിയ ബെൽ അറിയിച്ചു. സമൂഹത്തിൽ പടരുന്ന ജൂതവിരുദ്ധ പ്രവണതകളുടെ ഉറവിടങ്ങൾ കണ്ടെത്തുകയും അവയുടെ സ്വഭാവം വിശദമായി പരിശോധിക്കുകയുമാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം.
മതതീവ്രവാദ ആശയങ്ങളുടെ വ്യാപനം തടയുന്നതിനുള്ള കർശനമായ മാർഗങ്ങൾ നിർദേശിക്കുന്നതിനൊപ്പം ഓസ്‌ട്രേലിയയിലെ സാമൂഹിക ഐക്യം ശക്തമാക്കുന്നതിനുള്ള പ്രായോഗിക ശുപാർശകൾ സമർപ്പിക്കാനും കമ്മീഷൻ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഈ ഉന്നതതല കമ്മീഷൻ രൂപീകരിച്ചത്.
വരുന്ന ഡിസംബറോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കമ്മീഷന് മുന്നിലുള്ള സമയം പരിമിതമാണെന്ന് വിർജീനിയ ബെൽ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ താൽപ്പര്യമുള്ളവർക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അത് നിർവ്വഹിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും പരസ്യമായി മൊഴി നൽകാൻ ആരെയും നിർബന്ധിക്കില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.