മെക്‌സിക്കോ സിറ്റി: മയക്കുമരുന്ന് അധോലോക തലവന്‍ നെമെസിയോ ഒസെഗ്വേര സെര്‍വാന്റസ് എന്ന എല്‍ മെന്‍ചോയുടെ കൊലപാതകത്തിന് പിന്നാലെ മെക്‌സിക്കോയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശമനമില്ല.
അഴിഞ്ഞാടുന്ന മയക്കുമരുന്ന് സംഘങ്ങള്‍ വാഹനങ്ങളും സ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കുകയാണ്. ജയിലുകള്‍ തകര്‍ത്ത് രക്ഷപെടുന്നവരുടെ എണ്ണം കൂടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്‌സിക്കോയിലെ 20 സംസ്ഥാനങ്ങളിലും മയക്കുമരുന്ന് സംഘങ്ങളുടെ അക്രമം തുടരുകയാണ്.
കലാപത്തെ തുടര്‍ന്ന് മെക്‌സിക്കോയിലെ സ്‌കൂളുകള്‍ അടച്ചു. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി 2500 ഓളം സൈനികരെ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്.
മയക്കുമരുന്ന് മാഫിയയുടെ കൊടും ക്രൂരതയുടെ തെളിവായി വിളക്കുകാലുകളില്‍ തൂങ്ങിക്കിടക്കുന്ന മൃതദേഹങ്ങളും റോഡരികില്‍ ശിരഛേദം ചെയ്യപ്പെട്ട ശരീരങ്ങളും കാണാം. എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുമുള്ള മയക്കുമരുന്ന് സംഘങ്ങളുടെ പോരാട്ടമാണ് നടക്കുന്നത്.
എന്‍ മെന്‍ചോ കൊല്ലപ്പെട്ടെങ്കിലും ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ ഇപ്പോഴും സജീവമാണ്. വേരറുക്കാതെ തലമാത്രം വെട്ടിയാല്‍ അവസാനിക്കുന്നതല്ല മെക്‌സിക്കോയിലെ മയക്കുമരുന്ന് ലോകം എന്നാണ് വിലയിരുത്തല്‍.
എല്‍ മെന്‍ചോയുടെ ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന് മെക്‌സിക്കോയുടെ പകുതിയോളം പ്രദേശത്തെ ചുട്ടെരിക്കാനുള്ള കഴിവുണ്ടെന്നാണ് സൈന്യത്തിന്‍ന്റെ റിപ്പോര്‍ട്ട്.
അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ പ്രസിഡന്റ് ട്രംപ് മെക്‌സിക്കോയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. പിന്നാലെ മെക്സിക്കന്‍, അമേരിക്കന്‍ ഇന്റലിജന്‍സ് സംയുക്തമായാണ് എല്‍ മെന്‍ചോയുടെ ഒളിത്താവളം കണ്ടെത്തിയതും കൊലപ്പെടുത്തിയതും.
ഇതോടെ മയക്കുമരുന്ന് സംഘങ്ങള്‍ മെക്‌സിക്കന്‍ തെരുവുകള്‍ കയ്യടക്കുമ്പോള്‍ ആശങ്കയിലാകുന്നത് വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പ് കൂടിയാണ്.
ജൂണ്‍-ജൂലൈ മാസങ്ങളിലായി മെക്‌സിക്കോയും അമേരിക്കയും കാനഡയും ചേര്‍ന്നാണ് ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സംഘടിപ്പിക്കുന്നത്. എല്‍ മെന്‍ചോയുടെ കൊലപാതകം ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പിന് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് കായിക പ്രേമികള്‍.