തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനായുള്ള നിർണായക ചർച്ചകൾക്ക് തുടക്കമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഈ മാസം 28 ന് തിരുവനന്തപുരത്ത് നടക്കും. യോഗത്തിന് മുന്നോടിയായി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
നേരത്തെ ഈ മാസം 20 ന് നിശ്ചയിച്ചിരുന്ന യോഗം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചിരുന്നു. തുടർന്നാണ് 28 ന് ചർച്ച നടത്താൻ തീരുമാനിച്ചത്. റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ച് വിവിധ സർക്കാർ വകുപ്പുകൾ നടപ്പാക്കേണ്ട 32 പ്രധാന തീരുമാനങ്ങൾ കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിന്റെ തുടർനടപടികളാകും യോഗത്തിൽ ചർച്ചയാവുക.
ക്രൈസ്തവ വിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ റിപ്പോർട്ട് ഉടനടി പ്രസിദ്ധീകരിക്കണമെന്നും ശുപാർശകൾ നടപ്പാക്കണമെന്നും വിവിധ സഭാനേതൃത്വങ്ങൾ ദീർഘനാളായി സർക്കാരിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പദ്ധതികളുടെ വിഹിതം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കമ്മീഷൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചയിൽ പ്രധാന വിഷയമാകും.