ഉപരോധങ്ങള്‍ മാറ്റണമെന്ന് ഇറാന്‍; തങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സാമ്പത്തിക സഹായമടക്കം നല്‍കാമെന്ന് അമേരിക്ക: ജനീവ ചര്‍ച്ചയില്‍ നേരിയ പുരോഗതി

ഉപരോധങ്ങള്‍ മാറ്റണമെന്ന് ഇറാന്‍; തങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സാമ്പത്തിക സഹായമടക്കം നല്‍കാമെന്ന് അമേരിക്ക: ജനീവ ചര്‍ച്ചയില്‍ നേരിയ പുരോഗതി

ജനീവ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ഒമാന്റെ മധ്യസ്ഥതയില്‍ ജനീവയില്‍ നടക്കുന്ന മൂന്നാം ഘട്ട ചര്‍ച്ചയില്‍ നേരിയ പുരോഗതിയെന്ന് സൂചന.

തങ്ങളുടെ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന തരത്തില്‍ അമേരിക്കയുടെ ഉപരോധങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് ഇറാന്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം.

ആണവ കേന്ദ്രങ്ങള്‍ ഉപേക്ഷിക്കുക, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഉപരോധം ഘട്ടം ഘട്ടംമായി കുറയ്ക്കാമെന്ന് അമേരിക്ക വ്യക്തമാക്കി. നിബന്ധനകള്‍ പാലിച്ചാല്‍ സാമ്പത്തിക സഹായവും മുന്നോട്ട് വെച്ചിട്ടുണ്ട്.

എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന യു.എസ് ആവശ്യം നിരസിച്ച ഇറാന്‍ ആണവ പദ്ധതിയില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന സൂചന നല്‍കിയിട്ടുണ്ട്. പക്ഷേ, മിസൈല്‍ പദ്ധതികളിലോ മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന പിന്തുണയിലോ വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാടിലാണ് ഇറാന്‍. ഇതാണ് ചര്‍ച്ചയില്‍ നിലവില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി.

ആണവ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് അതീവ പ്രാധാന്യമുള്ള ഈ ചര്‍ച്ചകള്‍. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്.

2003 ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക സന്നാഹമാണ് അമേരിക്ക ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സൈനികരെയും യുദ്ധക്കപ്പലുകളും വിമാന വാഹിനിക്കപ്പലുകളും അമേരിക്ക മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

നയതന്ത്ര നീക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും ഇറാന്‍ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പരിമിതമായ രീതിയില്‍ ആക്രമണം നടത്തുന്നത് ട്രംപ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനോ അല്ലെങ്കില്‍ ഭരണ മാറ്റത്തിനായുള്ള വിപുലമായ നീക്കങ്ങള്‍ നടത്താനോ ട്രംപ് മുതിര്‍ന്നേക്കുമെന്നും വിവരമുണ്ട്.

അതേസമയം ചര്‍ച്ചകളില്‍ ഇരുപക്ഷവും പുതിയതും ക്രിയാത്മകവുമായ ആശയങ്ങളോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സമാധാനത്തിനുള്ള വലിയൊരു അവസരമാണിതെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.