ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
വിദേശത്തെ സംഭവ വികാസങ്ങള്‍ രാജ്യത്തിനകത്ത് 'ചില പ്രതിഫലനങ്ങള്‍' ഉണ്ടാക്കിയേക്കാമെന്നും അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളിലും മതപരമായ ഒത്തുചേരലുകളിലും ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിര്‍ദേശമുണ്ട്.
ഇറാന്‍ അനുകൂല നിലപാടുള്ള തീവ്ര പ്രഭാഷകര്‍ വിദ്വേഷം പടര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ക്രമസമാധാന നില തകരാതിരിക്കാന്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൃത്യസമയത്ത് കൈമാറാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന അധികാരികളോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിഷയങ്ങളെ മുന്‍നിര്‍ത്തി വൈകാരികമായി ജനങ്ങളെ ഇളക്കിവിടാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിച്ചേക്കാം. ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളണം. പശ്ചിമേഷ്യയില്‍ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കാണ് രാജ്യം മുന്‍ഗണന നല്‍കുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, ജമ്മു കാശ്മീരില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷ ഭരിതമായതോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉന്നതതല സുരക്ഷാ യോഗം ചേര്‍ന്ന് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഷിയ-സുന്നി വിഭാഗങ്ങള്‍ സംയുക്തമായി അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.
ബദ്ഗാം, പൂഞ്ച്, ബാരാമുള്ള എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. റമ്പാനില്‍ ഡൊണാള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചു. കാശ്മീരില്‍ നാളെ ബന്ദിന് ആഹ്വാനമുണ്ട്. കാര്‍ഗിലില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. ലഡാക്കിലെ ജനജീവിതം പ്രതിഷേധത്താല്‍ തടസപ്പെട്ടിരിക്കുകയാണ്.
ജന്തര്‍ മന്തറില്‍ ഷിയാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധിച്ചു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലായിരുന്നു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.