'എവിടെ ഒളിച്ചിരുന്നാലും വകവരുത്തും'; പുതിയ പരമോന്നത നേതാവ് മൊജ്താബയെയും വധിക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

'എവിടെ ഒളിച്ചിരുന്നാലും വകവരുത്തും'; പുതിയ പരമോന്നത നേതാവ് മൊജ്താബയെയും വധിക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ജെറുസലേം: കൊല്ലപ്പെട്ട ആയത്തുള്ള അലി ഖൊമേനിക്ക് പകരം ആരെ പുതിയ പരമോന്നത നേതാവായി തീരുമാനിച്ചാലും അയാളെയും വകവരുത്തുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍.

ഖൊമേനിക്ക് പകരക്കാരനായി ഇറാന്‍ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും മരണത്തിന് തയാറാകേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ആയത്തുള്ള അലി ഖൊമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഹുസൈനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം.

ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും ലോകത്തെയും മേഖലയിലെ രാജ്യങ്ങളെയും ഭീഷണിപ്പെടുത്താനും ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതിക്ക് നേതൃത്വം നല്‍കുന്നതിനായി ഇറാനിയന്‍ ഭീകര ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും ഉന്മൂലനത്തിന് വിധേയനാകും.

അയാളുടെ പേര് എന്താണെന്നോ അയാള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്നതോ പ്രശ്നമല്ല. ഇറാനിലെ ഭീകര ഭരണകൂടത്തെ തകര്‍ത്തെറിയാന്‍ അമേരിക്കയുമായി ചേര്‍ന്ന് ഇസ്രയേല്‍ സര്‍വശക്തിയുമെടുത്ത് പോരാടുമെന്നും ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖൊമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മൊജ്താബ ഹുസൈനി ഖൊമേനിയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്സ്പെര്‍ട്സാണ് അമ്പത്താറുകാരനായ മൊജ്താബയെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്.

ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ സാന്നിധ്യമായിരുന്നു മൊജ്താബ. പിതാവ് അലി ഖൊമേനിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും മൊജ്താബയായിരുന്നു. പിതാവ് ആയത്തുള്ള അലി ഖൊമേനിയേക്കാള്‍ കടുത്ത നിലപാടുകാരനാണ് മൊജ്താബ ഹുസൈനി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.