വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സെനറ്റിന്റെ പൂർണ പിന്തുണ. ട്രംപിന്റെ യുദ്ധാധികാരങ്ങൾ നിയന്ത്രിക്കാനും കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ആക്രമണം തുടരുന്നത് തടയാനും ലക്ഷ്യമിട്ട് അവതരിപ്പിച്ച പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി.
47 നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. ഇതോടെ ഇറാനു മേൽ കൂടുതൽ ശക്തമായ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് വഴിതുറന്നു. ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്ന് വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ മിസൈൽ ശേഖരവും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും അമേരിക്കൻ സൈന്യം അതിവേഗം തകർക്കുകയാണെന്ന് അദേഹം പറഞ്ഞു. "നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന രാഷ്ട്രമാണ് ഇറാൻ. നിലവിലെ സൈനിക നീക്കം ഇറാന്റെ ഈ പോക്ക് അവസാനിപ്പിക്കും," ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കിഴക്കൻ ടെഹ്റാനിലെ ഇറാന്റെ പ്രധാന സൈനിക സമുച്ചയത്തിന് നേരെ ഇസ്രയേൽ പ്രതിരോധ സേന വൻ വ്യോമാക്രമണം നടത്തി. മേഖലയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചു.
ഇസ്രയേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾക്ക് 'ശക്തമായ തിരിച്ചടി' അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ പ്രതികരിച്ചു. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ രാജ്യം പ്രതിരോധിക്കുമെന്നും അദേഹം വ്യക്തമാക്കി.