ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സ്വന്തം രാജ്യത്തെ ജനതയ്ക്ക് നേരെ ഭീഷണിയുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ സലാര്‍ അബ്‌നൂഷ്.
ഇറാന്‍ ഭരണകൂടത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെയും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഐആര്‍ജിസി കമാന്‍ഡറും എംപിയുമായ സലാര്‍ അബ്‌നൂഷ് ഇറാന്‍ ദേശീയ ടെലിവിഷനിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.
ശത്രുക്കള്‍ പറയുന്നത് ആവര്‍ത്തിക്കുന്നവര്‍ ഇസ്രയേലിന്റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്റേതിന് തുല്യമാണെന്നും അബ്‌നൂഷ് പറഞ്ഞു. അങ്ങനെയുള്ളവരെ വെടിവച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ഐആര്‍ജിസി കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി.
'നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്' എന്നാണ് സലാര്‍ അബ്‌നൂഷ് ദേശീയ ടെലിവിഷനിലൂടെ രക്ഷിതാക്കളോട് പറഞ്ഞത്.
അതേസമയം ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുര്‍ദിഷ് മേഖല വഴി കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുകയാണ് അമേരിക്ക വാര്‍ത്തയും വരുന്നുണ്ട്.
ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരോട് കീഴടങ്ങാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിലെ പുതിയ ഭരണാധികാരിയായി മൊജ്താബ ഖൊമേനിയെ അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒരാഴ്ച നീണ്ട ആക്രമണത്തിനിടെ ഇറാനില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനവും തുടരുകയാണ്. കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസങ്ങളിലെ അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടി തുടരുമെന്നും അമേരിക്കയുടെ എബ്രഹാം ലിങ്കന്‍ പടക്കപ്പല്‍ തകര്‍ത്തെന്നും ഇറാന്‍ അവകാശപ്പെട്ടു.
ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കന്‍ വാദത്തിനിടെ ബഹ്‌റിനില്‍ ഇറാന്‍ ആക്രമണം നടത്തി. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാര്‍ട്ടുമെന്റുകളും ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. ആളപായമില്ല. കുവൈറ്റിലും ഇറാന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിനു നേരെ ഉണ്ടായ മിസൈല്‍ ആക്രമണം സൗദി അറേബ്യ തടഞ്ഞു.