സിംഗപ്പൂരിൽ വിശ്വാസത്തിന്റെ വസന്തം; ഈസ്റ്ററിൽ സഭയിലേക്ക് എത്തുന്നത് 1250 പുതിയ വിശ്വാസികൾ

സിംഗപ്പൂരിൽ വിശ്വാസത്തിന്റെ വസന്തം; ഈസ്റ്ററിൽ സഭയിലേക്ക് എത്തുന്നത് 1250 പുതിയ വിശ്വാസികൾ

സിംഗപ്പൂർ സിറ്റി: ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി സിംഗപ്പൂർ. വരാനിരിക്കുന്ന ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി 1250 പേരാണ് സിംഗപ്പൂരിൽ കത്തോലിക്കാ സഭയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്. രാജ്യത്തെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങൾ പുതിയ ഉയരങ്ങളിലെത്തുന്നതിന്റെ തെളിവായി ഈ കൂട്ടായ വിശ്വാസ സ്വീകരണം വിലയിരുത്തപ്പെടുന്നു.

മാസങ്ങൾ നീണ്ട വിശ്വാസ രൂപീകരണ പരിപാടികൾക്കും പ്രാർത്ഥനകൾക്കും ശേഷമാണ് ഇത്രയധികം ആളുകൾ ഒരുമിച്ച് സഭയിലേക്ക് കടന്നുവരുന്നത്. സിംഗപ്പൂരിലെ പള്ളികളിൽ 978 പേര്‍ ജ്ഞാനസ്നാനം സ്വീകരിക്കാനും 155 അര്‍ത്ഥികള്‍ സ്ഥൈര്യലേപനത്തിലൂടെ വിശ്വാസ സ്ഥിരീകരണം നടത്താനും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചടങ്ങിനിടെ സഭയിൽ ചേരാൻ തയ്യാറെടുക്കുന്നവർ ക്രിസ്തുവിനെ അനുഗമിക്കാനുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന പുസ്തകത്തില്‍ പേരുകൾ രേഖപ്പെടുത്തിയെന്ന് അതിരൂപത വ്യക്തമാക്കി.

പുതിയതായി വിശ്വാസത്തിലേക്ക് കടന്നുവരുന്നവരെ കർദിനാൾ വില്യം ഗോ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ദൈവവചനം ദിവസവും വായിച്ചും ധ്യാനിച്ചും വിശ്വാസത്തിൽ ആഴപ്പെടണമെന്ന് അദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. നൂറുകണക്കിന് പുതിയ അംഗങ്ങൾ എത്തുന്നതോടെ ഇത്തവണത്തെ ഈസ്റ്റർ ആഘോഷങ്ങൾ സിംഗപ്പൂരിലെ സഭയ്ക്ക് ഇരട്ടി മധുരമാകും.

2020 ലെ സെൻസസ് പ്രകാരം സിംഗപ്പൂരിലെ ജനസംഖ്യയുടെ 18.9 ശതമാനം പേരും ക്രൈസ്തവ വിശ്വാസികളാണ്. ഇതിൽ കത്തോലിക്കാ സഭയിലേക്കുള്ള ഈ പുതിയ അംഗങ്ങളുടെ വരവ് സിംഗപ്പൂരിലെ ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയ്ക്കും ഉണർവ്വിനും വലിയ കരുത്ത് പകരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.