അബുജ: നൈജീരിയയിലെ ബോർണോ സ്റ്റേറ്റിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിൽ സൈനികരടക്കം നിരവധി പേർ കൊല്ലപ്പെട്ടു. റമദാൻ നോമ്പ് തുറക്കുന്ന സമയത്ത് എൻഗോഷെഗ്രാമത്തിലാണ് തോക്കുധാരികൾ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം പേരെ ഭീകരർ തട്ടിക്കൊണ്ടുപോയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങൾ നോമ്പ് തുറക്കുന്ന സമയത്താണ് മോട്ടോർ സൈക്കിളുകളിലെത്തിയ ഭീകരർ എൻഗോഷെ ഗ്രാമത്തെ വളഞ്ഞത്. ഗ്രാമവാസികളെയും അവിടുത്തെ സൈനിക താവളത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒൻപത് സൈനികരും ഗ്രാമത്തിലെ മുഖ്യ ഇമാം ഉൾപ്പെടെയുള്ളവരും കൊല്ലപ്പെട്ടു. അക്രമി സംഘത്തെ പ്രതിരോധിക്കുന്നതിനിടെ സൈനികർക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതായാണ് സൂചന.
ഗ്രാമവാസികളായ മുന്നൂറിലധികം പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി. സൈന്യം വധിച്ച മൂന്ന് ബോക്കോ ഹറാം കമാൻഡർമാരുടെ മരണത്തിന് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ആക്രമണത്തിന് ശേഷം ഗ്രാമത്തിലെ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടു. കൂടാതെ സൈനിക വാഹനങ്ങളും ആയുധങ്ങളും തകർക്കുകയും ചെയ്തു.
രണ്ട് ദിവസത്തോളം ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ഗ്രാമം നിലവിൽ സൈന്യം തിരിച്ചുപിടിച്ചു. ഭയചകിതരായ ഗ്രാമവാസികൾ അടുത്തുള്ള വനമേഖലകളിലേക്കും പുൽക പോലുള്ള സമീപ പ്രദേശങ്ങളിലേക്കും അഭയം തേടിയിരിക്കുകയാണ്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായി സൈന്യത്തിന്റെ നേതൃത്വത്തിൽ വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.