യുദ്ധം തുടര്‍ന്നാല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കുമെന്ന് അമേരിക്ക

യുദ്ധം തുടര്‍ന്നാല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുള്ള നിയന്ത്രണങ്ങള്‍ നീക്കിയേക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഫോക്‌സ് ബിസിനസിന്റെ കുഡ്ലോ പ്രോഗ്രാമില്‍ സംസാരിക്കുന്നതിനിടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കടലില്‍ കുടുങ്ങിക്കിടന്നിരുന്ന റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക ഇന്ത്യയെ അനുവദിച്ചുവെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ എണ്ണയുടെ മേലുള്ള ഉപരോധം നീക്കുന്ന കാര്യം പരിഗണനയിലാണെന്നും അദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ വളരെ നല്ല രീതിയിലാണ് സഹകരിച്ചത്. നേരത്തെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ തങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ അത് അനുസരിച്ചു. അമേരിക്ക നല്‍കിയ താല്‍ക്കാലിക ഇളവ് ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യ അമേരിക്കയുടെ ആവശ്യങ്ങള്‍ പാലിച്ചിരുന്നുവെന്ന് വിശദീകരിച്ച് കൊണ്ട് ബെസെന്റ് പറഞ്ഞു.

റഷ്യന്‍ എണ്ണയ്ക്ക് പകരമായി അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള എണ്ണ വിതരണത്തില്‍ താല്‍ക്കാലികമായുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനായി കപ്പലുകളില്‍ കുടുങ്ങിക്കിടന്ന റഷ്യന്‍ എണ്ണ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കുകയായിരുന്നുവെന്ന് ബെസെന്റ് വ്യക്തമാക്കി.

ഇറാനുമായുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോള എണ്ണ വില വര്‍ധിക്കുകയും മിഡില്‍ ഈസ്റ്റിലെ വിതരണം തടസപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്ക ഈ തീരുമാനം എടുത്തത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം മിഡില്‍ ഈസ്റ്റിലെ എണ്ണ വിതരണങ്ങളെ ബാധിച്ചതോടെ അമേരിക്കന്‍ ക്രൂഡ് ഓയിലിനായുള്ള ആവശ്യം വര്‍ധിക്കുകയും ഗള്‍ഫ് തീരത്തെ ഹെവി ക്രൂഡ് വില വെള്ളിയാഴ്ച കുതിച്ചുയരുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ഉല്‍പ്പപാദിപ്പിക്കുന്ന മാര്‍സ് സോര്‍ ക്രൂഡ് ഓയില്‍ 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസപ്പെട്ടതും ഗള്‍ഫിലെ ഉല്‍പാദന നിയന്ത്രണങ്ങളും റിഫൈനര്‍മാരെ ബദല്‍ വിതരണങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും ഇത് യു.എസ് ഹെവി ക്രൂഡ് ഗ്രേഡുകളുടെ ആവശ്യം വര്‍ധിപ്പിച്ചതായും വിദഗ്ധര്‍ പറയുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.