ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആരുടെയും അനുമതി ആവശ്യമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

 ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആരുടെയും അനുമതി ആവശ്യമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച സാഹചര്യത്തില്‍ ഏറ്റവും മിതമായ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഏതൊരിടത്തു നിന്നും ഇന്ത്യ അംസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ ഊര്‍ജ വിതരണം തടസങ്ങളില്ലാതെ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും കേന്ദ്രംസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് അമേരിക്ക 30 ദിവസത്തെ താല്‍കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഏതെങ്കിലും രാജ്യത്തിന്റെ അനുമതിയുടെ ആവശ്യമില്ലെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്റെയും അനുമതിയെ ഇന്ത്യ ഒരിക്കലും ആശ്രയിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

2026 ഫെബ്രുവരിയിലും റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരക്കാരാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ മൂന്ന് വര്‍ഷക്കാലം അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പുകള്‍ക്കിടയിലും റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറായി. റിഫൈനറികളിലെ ആവശ്യവും വിലക്കുറവും കാരണം 2022 ന് ശേഷം ഇറക്കുമതിയില്‍ കാര്യമായ വര്‍ധനയുണ്ടായെന്നും കേന്ദ്രം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ഉയര്‍ന്നിട്ടും ഇന്ത്യയുടെ ഊര്‍ജവിതരണം സുരക്ഷിതവും സ്ഥിരതയുള്ളതുമായി തുടരുകയാണ്. ഒന്നിലധികം വിതരണ വഴികള്‍ ഉറപ്പാക്കി, ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി 27 രാജ്യങ്ങളില്‍ നിന്നുള്ളത് 40 രാജ്യങ്ങളില്‍ നിന്നാക്കി ഉയര്‍ത്തിയിട്ടുണ്ട്. ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി എവിടെ നിന്നാണോ ഏറ്റവും കുറഞ്ഞതും താങ്ങാനാവുന്നതുമായ നിരക്കില്‍ ലഭിക്കുന്നത് അവിടെ നിന്ന് ഇന്ത്യ എണ്ണ വാങ്ങും.

250 ദശലക്ഷം ബാരലുകളിലധികം ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളും ഇന്ത്യയുടെ ശേഖരത്തിലും വിതരണ ശൃംഖലയിലുമായി ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.