ടെഹ്റാന്‍: ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നതായി സൂചന. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതും ഇനി ആക്രമിക്കില്ലെന്ന പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കകം വീണ്ടും ആക്രമണമുണ്ടായതും ഇറാനിലെ നേതൃനിരയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തമാക്കുന്നു.
മസൂദ് പെസെഷ്‌കിയന്‍ ഗള്‍ഫ് രാജ്യങ്ങളോട് പരസ്യമായി ക്ഷമാപണം നടത്തിയെങ്കിലും കടുത്ത നിലപാടുള്ള മറ്റ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അദേഹം പ്രസ്താവന തിരുത്തുകയും ചെയ്തു. ഇറാന്റെ നേതൃനിരയിലെ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നവരും പ്രയോഗിക വാദികളും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ നടപടി സായുധ വിഭാഗമായ ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) നേതൃത്വത്തെ ഒന്നടങ്കം ചൊടിപ്പിച്ചതായാണ് വിവരം. ഇതോടെയാണ് ക്ഷമാപണം നടത്തി മണിക്കൂറുകള്‍ക്കകം പ്രസിഡന്റിന് തന്റെ പ്രസ്താവന തിരുത്തേണ്ടി വന്നത്.
ഇതിനിടെ ഇറാനിലെ മതപണ്ഡിതനും നിയമനിര്‍മാണ സഭാംഗവുമായ ഹമീദ് റാസായി ഉള്‍പ്പെടെയുള്ളവരും പ്രസിഡന്റിനെതിരേ പരസ്യമായി രംഗത്തെത്തി. 'മിസ്റ്റര്‍ പെസെഷ്‌കിയന്‍, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണല്‍ അല്ല' എന്നായിരുന്നു ഹമീദ് റാസായിയുടെ പ്രതികരണം. തീര്‍ത്തും ദുര്‍ബലമായതും അസ്വീകാര്യവുമായ നിലപാടാണ് പ്രസിഡന്റ് പ്രഖ്യാപിച്ചതെന്നും അദേഹം കുറ്റപ്പെടുത്തി.
ക്ഷമാപണം നടത്തിയുള്ള പ്രസിഡന്റിന്റെ പ്രസ്താവനയെ ഐആര്‍ജിസിയുടെ മുന്‍ കമാന്‍ഡറും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജുഡീഷ്യറി മേധാവിയും പരമോന്നത നേതാവിന്റെ അധികാരങ്ങള്‍ വഹിക്കുന്ന മൂന്നംഗ കൗണ്‍സിലിലെ അംഗവുമായ മൊഹ്സനി ഇജേയിയും പ്രസിഡന്റിന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ചില രാജ്യങ്ങളുടെ പ്രദേശങ്ങള്‍ ഇറാനെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ പ്രത്യാക്രമണങ്ങള്‍ തുടരുമെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം.
പ്രസിഡന്റിന്റെ നിലപാടിനെതിരായ അഭിപ്രായവ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരേ വീണ്ടും ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി തന്നെ അബുദാബിയിലെ അല്‍ ദഫ്ര വ്യോമത്താവളം ആക്രമിച്ചതായി ഐആര്‍ജിസി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇനി ആക്രമണമുണ്ടാകില്ലെന്ന് പ്രസിഡന്റ് പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഐആര്‍ജിസിയുടെ പുതിയ ആക്രമണം.
ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെടുന്നതിന് മുന്‍പുതന്നെ ഇറാനിലെ ഭരണ നേതൃത്വത്തില്‍ ഭിന്നതകള്‍ നിലനിന്നിരുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഖൊമേനിയുടെ ഭരണത്തിന് കീഴില്‍ ഇത്തരം അഭിപ്രായഭിന്നതകളെല്ലാം അടിച്ചമര്‍ത്തി. പക്ഷേ, പരമോന്നത നേതാവ് ഇല്ലാതായതോടെ ഇതെല്ലാം മറനീക്കി പുറത്തു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഐആര്‍ജിസി സ്വന്തം നിലയ്ക്കാണ് ആക്രമണത്തിനുള്ള ലക്ഷ്യ സ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് വിവരം. ഇറാന്റെ പരമോന്നത നേതാവിന് കീഴിലുള്ള സൈനികവിഭാഗമാണ് ഐആര്‍ജിസി. അതിനാല്‍ തന്നെ പരമോന്നത നേതാവിനോട് മാത്രമേ ഇവര്‍ക്ക് ഉത്തരം നല്‍കേണ്ടതുള്ളൂ.
പരമോന്നത നേതാവായിരുന്ന ഖമനേയിയെ ഇസ്രയേലും യുഎസും ചേര്‍ന്ന് വധിച്ചതോടെ ഐആര്‍ജിസി സ്വന്തം നിലയ്ക്ക് ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരവും ഐആര്‍ജിസിയുടെ നിയന്ത്രണത്തിലാണ്.