ടെഹ്‌റാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; എണ്ണ സംഭരണ ശാലകളില്‍ വന്‍ തീപിടുത്തം: ഇറാനെ വിഭജിക്കാനല്ല, സ്വതന്ത്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് നെതന്യാഹു

ടെഹ്‌റാനില്‍ വീണ്ടും ഇസ്രയേല്‍  ആക്രമണം; എണ്ണ സംഭരണ ശാലകളില്‍ വന്‍ തീപിടുത്തം: ഇറാനെ വിഭജിക്കാനല്ല, സ്വതന്ത്രമാക്കാനാണ്  ശ്രമിക്കുന്നതെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇറാനെ വിഭജിക്കാനല്ല സ്വതന്ത്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തില്‍ നിന്നുള്ള മോചനം ആ രാജ്യത്തെ ജനങ്ങളുടെ കൈകളിലാണെന്നും അദേഹം പറഞ്ഞു. ഭാവിയില്‍ ഇസ്രയേലും ഇറാനും പഴയതുപോലെ ഉറ്റ ചങ്ങാതിമാരായി മാറുന്ന ഒരു കാലം വിദൂരമല്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇറാനിലെ പ്രധാന നഗരങ്ങില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ കടുപ്പിക്കുകയാണ്. ഇറാനിലെ എണ്ണ സംഭരണ ശാലകള്‍ക്ക് നേരേ കഴിഞ്ഞ രാത്രിയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണമുണ്ടായി.

ടെഹ്റാനിലെയും കറാജിലെയും എണ്ണ സംഭരണ ശാലകള്‍ക്ക് നേരേ ശനിയാഴ്ച രാത്രി വൈകിയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് എണ്ണ സംഭരണ ശാലകളില്‍ വന്‍ തീപിടുത്തമാണുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നേരത്തെ ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിന് നേരേയും വ്യോമാക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ എണ്ണ സംഭരണശാലകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ എണ്ണ സംഭരണ ശാലകളില്‍ നിന്ന് വന്‍ സ്ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.

കിലോ മീറ്ററുകള്‍ക്കപ്പുറമുള്ള വീടുകളെ പോലും സ്ഫോടനം ബാധിച്ചതായും പറയുന്നു. ടെഹ്റാനില്‍ ആക്രമണമുണ്ടായ എണ്ണ സംഭരണശാലയ്ക്ക് സമീപമാണ് രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണശാലയും സ്ഥിതി ചെയ്യുന്നത്.

ടെഹ്റാനിലെയും അല്‍ബോര്‍സിലെയും നിരവധി എണ്ണ സംഭരണ ശാലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ എണ്ണ മന്ത്രാലയം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

ടെഹ്റാനിലെ നിരവധി എണ്ണ സംഭരണശാലകളെയും ഊര്‍ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യവും പ്രതികരിച്ചു. ഇതെല്ലാം ഇറാന്റെ സായുധ സേനകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളാണെന്നും അതിനാലാണ് ഇവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ അറിയിച്ചു.

അതേസമയം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് പകരമായി ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍-ഇസ്രയേല്‍ കേന്ദ്രങ്ങളെ ഇറാനും ലക്ഷ്യം വയ്ക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ഇറാന്റെ ശുദ്ധജല പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ബഹ്റിനിലെ അമേരിക്കയുടെ ജുഫെയര്‍ സൈനിക താവളം തകര്‍ത്തതായി ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. നിലവില്‍ ജറുസലേം, ദോഹ, യുഎഇ, ബഹ്റിന്‍ എന്നിവിടങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പുകളുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.