വിശുദ്ധവാര തിരുക്കർമ്മങ്ങൾ: ലിയോ പതിനാലാമൻ പാപ്പയുടെ കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു

വിശുദ്ധവാര തിരുക്കർമ്മങ്ങൾ: ലിയോ പതിനാലാമൻ പാപ്പയുടെ കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു

വത്തിക്കാൻ സിറ്റി: ഈ വർഷത്തെ വിശുദ്ധവാരത്തോടനുബന്ധിച്ച് വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പ മുഖ്യകാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളുടെ സമയവിവരപ്പട്ടിക പുറത്തുവിട്ടു. ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള പ്രധാന ശുശ്രൂഷകളുടെ ക്രമീകരണങ്ങളാണ് വത്തിക്കാൻ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ചത്.

ഓശാന ഞായർ (മാർച്ച് 29): വിശുദ്ധവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ രാവിലെ പത്തിന് കുരുത്തോല വെഞ്ചിരിപ്പും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും.

പെസഹാ വ്യാഴം (ഏപ്രിൽ രണ്ട് ): രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തൈലഅഭിഷേക ശുശ്രൂഷ നടക്കും. വൈകുന്നേരം  കാൽ കഴുകൽ ശുശ്രൂഷയും പെസഹാ കുർബാനയും നടക്കും.

ദുഖവെള്ളി (ഏപ്രിൽ മൂന്ന് ): വൈകുന്നേരം അഞ്ചു മണിക്ക് പീഡാനുഭവ സ്മരണാ ചടങ്ങുകൾ ബസിലിക്കയിൽ നടക്കും. തുടർന്ന് രാത്രി 9.15 ന് ചരിത്രപ്രസിദ്ധമായ കൊളോസിയത്തിൽ പാപ്പയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കും.

ദുഖശനി (ഏപ്രിൽ നാല് ): രാത്രി 7.30 ന് ഈസ്റ്റർ വിജിൽ ശുശ്രൂഷകൾക്ക് പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും.

ഈസ്റ്റർ ഞായർ (ഏപ്രിൽ 5): രാവിലെ പത്തു മണിക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഉയിർപ്പ് തിരുനാൾ കുർബാന നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് പാപ്പ 'ഉർബി എത് ഓർബി' സന്ദേശവും ആശീർവാദവും ലോകത്തിന് നൽകും.

വിശുദ്ധവാരത്തിലെ വിവിധ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ വത്തിക്കാനിലേക്ക് ഒഴുകിയെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. സുരക്ഷാ ക്രമീകരണങ്ങളും വിശ്വാസികൾക്കുള്ള സൗകര്യങ്ങളും വത്തിക്കാൻ അധികൃതർ വിലയിരുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.