ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ നയതന്ത്ര ചുമതലകളിലൊന്നിലേക്ക് ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച നിയമിതനായി. അമേരിക്കൻ ഐക്യനാടുകളിലെ പുതിയ അപ്പസ്തോലിക ന്യൂൺഷ്യോയായി (വത്തിക്കാൻ സ്ഥാനപതി) ഇദ്ദേഹത്തെ ലിയോ മാർപാപ്പ നിയമിച്ചു.
ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദേഹം. നിലവിലെ ന്യൂൺഷ്യോ ആയിരുന്ന കർdhനാൾ ക്രിസ്റ്റോഫ് പിയറി 80 വയസ് തികഞ്ഞതിനെത്തുടർന്ന് വിരമിച്ച ഒഴിവിലേക്കാണ് ഈ സുപ്രധാന നിയമനം.
ലെബനോൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ വത്തിക്കാൻ സ്ഥാനപതിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ചു.
2019 മുതൽ ഐക്യരാഷ്ട്രസഭയിൽ വത്തിക്കാന്റെ ശബ്ദമായി ന്യൂയോർക്കിൽ പ്രവർത്തിക്കുന്നു.
1958 ൽ മിലാനിൽ ജനനം. 1983 ൽ വൈദികനായും 2009 ൽ മെത്രാനായും നിയമിതനായി.
"പരിശുദ്ധ പിതാവ് ജനിച്ചു വളർന്ന മണ്ണിലേക്കും അവിടുത്തെ സഭയിലേക്കും തന്നെ നിയോഗിച്ചതിൽ വലിയ സന്തോഷമുണ്ട്. കൂട്ടായ്മയുടെയും സമാധാനത്തിന്റെയും പാതയിലൂടെയുള്ള ദൗത്യമായിരിക്കും ഇത്."— ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച പറഞ്ഞു