ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌താബ ഖൊമേനി അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖൊമേനിയുടെ പിൻഗാമിയായി മകൻ മൊജ്‌താബയെ തിരഞ്ഞെടുത്തതിനെതിരെയാണ് തലസ്ഥാനമായ ടെഹ്‌റാനിൽ ജനങ്ങൾ തെരുവിലിറങ്ങിയത്.
ടെഹ്‌റാനിലെ എക്ബതാൻ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് റിപ്പോർട്ട്. ‘മൊജ്താബതയ്ക്ക് മരണം’ എന്ന് പേർഷ്യൻ ഭാഷയിൽ വിളിക്കുന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെർട്സ് ഞായറാഴ്ചയാണ് മൊജ്താബയെ പരമോന്നത നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ഇറാനിലെ വിപ്ലവ പാരമ്പര്യത്തിനു വിരുദ്ധമായി അധികാരം പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നതിനെ ജനങ്ങൾക്കിടയിൽ വലിയൊരു വിഭാഗം എതിർക്കുന്നുണ്ട്.
ഇറാൻ റവല്യൂഷണറി ഗാർഡുമായി (ഐആർജിസി) അടുത്ത ബന്ധമുള്ള മൊജ്താബ തന്റെ പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായാണ് അറിയപ്പെടുന്നത്. ഇസ്രയേൽ-യുഎസ് സഖ്യവുമായുള്ള യുദ്ധം തുടരുന്നതിനിടയിലാണ് നിർണായകമായ നേതൃമാറ്റം നടന്നിരിക്കുന്നത്.