ചിക്കാഗോ സീറോ മലബാർ ജൂബിലി കൺവെൻഷൻ 2026: ഡോ. എഡ്വേർഡ് ശ്രീ മുഖ്യപ്രഭാഷകനാകും

ചിക്കാഗോ സീറോ മലബാർ ജൂബിലി കൺവെൻഷൻ 2026: ഡോ. എഡ്വേർഡ് ശ്രീ മുഖ്യപ്രഭാഷകനാകും

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി 'സീറോ മലബാർ ജൂബിലി കൺവെൻഷൻ 2026' ജൂലൈയിൽ നടക്കും. ചിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററാണ് ഈ മഹാസംഗമത്തിന് വേദിയാകുന്നത്. 2026 ജൂലൈ ഒമ്പത് മുതൽ 12 വരെയാണ് കൺവെൻഷൻ.

ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. എഡ്വേർഡ് ശ്രീയാണ് ഈ വർഷത്തെ കൺവെൻഷനിലെ മുഖ്യ ആകർഷണം. "The Good, the Messy and the Beautiful" (ജീവിതത്തിലെ നന്മകളും പ്രതിസന്ധികളും ദൈവകൃപയും) എന്ന വിഷയത്തിൽ ജൂലൈ പത്തിന് വൈകുന്നേരം നാല് മണിക്ക് അദേഹം മുഖ്യപ്രഭാഷണം നടത്തും. കുടുംബ ജീവിതത്തിലെയും വിശ്വാസജീവിതത്തിലെയും പ്രായോഗിക വെല്ലുവിളികളെ ദൈവകൃപയിലൂടെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകൾ പങ്കുവെക്കും.

രൂപതയുടെ 25 വർഷത്തെ പ്രയാണം ആഘോഷിക്കുന്നതിനൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഈ കൺവെൻഷനിൽ ആഘോഷിക്കും. അമേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചയും ആത്മീയ നേട്ടങ്ങളും വിളിച്ചോതുന്ന വേദിയായി ഈ സംഗമം മാറും.

ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയ്ക്ക് പുറമെ കൺവെൻഷന്റെ ഭാഗമായി കുടുംബങ്ങൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക സെഷനുകൾ, ആഴത്തിലുള്ള വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ആത്മീയ-സാംസ്കാരിക കൂട്ടായ്മകൾ, വിവിധങ്ങളായ കലാപരിപാടികളും മത്സരങ്ങളും എന്നിവയും ഒരുക്കിയിട്ടുണ്ട്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാർ വിശ്വാസികളെ ഈ മഹാസംഗമത്തിലേക്ക് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.syroconvention.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.