ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണം; തീപിടുത്തം: രക്ഷകരായി ഒമാന്‍ നാവിക സേന

ഇന്ത്യയിലേക്ക് വരികയായിരുന്ന  ചരക്ക്   കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണം; തീപിടുത്തം: രക്ഷകരായി  ഒമാന്‍ നാവിക സേന

ലണ്ടന്‍: ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണം. കപ്പലിന് തീപിടിച്ചു. 23 തായ് ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നതായും അടിയന്തര സഹായം നല്‍കി വരുന്നതായും തായ് ലന്‍ഡ് നാവിക സേന അറിയിച്ചു.

ഒമാന്‍ നാവിക സേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരെ 'രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും' തായ് അധികൃതര്‍ വ്യക്തമാക്കി. യുഎഇ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഇറാന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംഭവം.

ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങള്‍ തായ് ലന്‍ഡ് നാവിക സേന പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്. കപ്പലിന് 178 മീറ്റര്‍ നീളവും 30,000 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്. തായ് കപ്പലിനെ കൂടാതെ മറ്റ് രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.