താരിഫ് നയം പുനസ്ഥാപിക്കുമോ ? ഇന്ത്യ ഉള്‍പ്പെടെ 16 വ്യാപാര പങ്കാളികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

താരിഫ് നയം പുനസ്ഥാപിക്കുമോ ? ഇന്ത്യ ഉള്‍പ്പെടെ 16 വ്യാപാര പങ്കാളികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെ 16 പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക. അന്യായമായ വ്യാപാര രീതികളുമായി ബന്ധപ്പെട്ടാണ് 16 രാജ്യങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് അമേരിക്കന്‍ സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.

ആഗോള നികുതി നയങ്ങളില്‍ യു.എസ് സുപ്രീം കോടതി വരുത്തിയ നിയന്ത്രണങ്ങളെ മറികടക്കാനും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ഉയര്‍ന്ന തീരുവ സ്ഥിരമാക്കാനുമാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് സൂചന. നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ പുതിയ താരിഫ് നയം കഴിഞ്ഞ മാസം യു.എസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1974 ലെ വ്യാപാര നിയമത്തിലെ 'സെക്ഷന്‍ 301' പ്രകാരം ഈ രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അന്യായമായ വ്യാപാര രീതികള്‍ പിന്തുടരുന്ന വ്യാപാര പങ്കാളികള്‍ക്കെതിരെ താരിഫോ മറ്റ് പ്രതികാര നടപടികളോ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.

വിദേശ രാജ്യങ്ങളിലെ വലിയ വ്യാപാര മിച്ചം, കുറഞ്ഞ വേതന വ്യവസ്ഥ, സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ എന്നിവ വഴി അമേരിക്കന്‍ വിപണിയെ സ്വാധീനിക്കുന്നത് അന്വേഷണ വിധേയമാക്കും. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, വിയറ്റ്നാം, തായ്‌വാന്‍ തുടങ്ങി 16 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. എന്നാല്‍ അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയെ അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ 150 ദിവസത്തേക്ക് താല്‍ക്കാലികമായി 10 ശതമാനം അധിക നികുതി ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാലാവധി ജൂലൈയില്‍ അവസാനിക്കും. അതിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി സെക്ഷന്‍ 301 പ്രകാരം സ്ഥിരമായ ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ നടപ്പിലാക്കാനാണ് അമേരിക്കന്‍ നീക്കം.

ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്സിക്കോ എന്നിവയ്‌ക്കെതിരെ പുതിയ താരിഫ് ചുമത്താന്‍ അന്വേഷണം വഴി സാധിക്കുമെന്നാണ് യു.എസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ വ്യക്തമാക്കുന്നത്. വിദേശ രാജ്യങ്ങള്‍ തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കുകയും അവ കുറഞ്ഞ വിലയ്ക്ക് അമേരിക്കയിലേയ്ക്ക് കയറ്റി അയക്കുകയും ചെയ്യുന്നത് യു.എസ് വ്യവസായങ്ങളെ തകര്‍ക്കുന്നുവെന്നാണ് ട്രംപിന്റെ വാദം.

നിര്‍മാണ മേഖലയിലെ അന്വേഷണത്തിന് പുറമെ നിര്‍ബന്ധിത തൊഴില്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളെക്കുറിച്ചും അമേരിക്ക മറ്റൊരു അന്വേഷണം ആരംഭിച്ചേക്കും. ഏകദേശം 60 രാജ്യങ്ങളെ ബാധിക്കുന്ന ഈ അന്വേഷണത്തിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിരോധിക്കാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.