ബര്‍ണാല: പാചകവാതക സിലിണ്ടറിനായി നീണ്ട കാത്തിരിപ്പിനിടെ 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഭൂഷണ്‍ കുമാര്‍ മിത്തല്‍ എന്ന വയോധികനാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ ഷഹേന ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പാചകവാതക വിതരണം താറുമാറായതോടെ സിലിണ്ടറിനായി വലിയ തിരക്കാണ് പ്രദേശത്തെ ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ അനുഭവപ്പെട്ടിരുന്നത്. രാവിലെ എട്ടോടെ മകന്‍ ദേവരാജിനൊപ്പം ഭൂഷണ്‍ കുമാര്‍ ഏജന്‍സിക്ക് മുന്നിലെത്തി. ഏജന്‍സി തുറക്കുന്നതിന് മുന്‍പേ എത്തിയെങ്കിലും 25-ാമത്തെ ടോക്കണ്‍ ആണ് ഇവര്‍ക്ക് ലഭിച്ചത്.
സിലിണ്ടര്‍ ക്യൂവില്‍ വെച്ച് അതിന് മുകളില്‍ ഇരിക്കുകയായിരുന്നു ഭൂഷണ്‍ കുമാര്‍. ഇതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിലവില്‍ രാജ്യത്തെ ഭൂരിഭാഗം ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. എല്‍പിജി വിതരണം തടസപ്പെട്ടത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ വിതരണം സാധാരണ നിലയിലായില്ലെങ്കില്‍ ജനങ്ങളുടെ ദുരിതം ഇനിയും വര്‍ധിക്കുമെന്ന ആശങ്ക ശക്തമാവുകയാണ്.