സെക്കന്ദരാബാദ്: സെക്കന്ദരാബാദിൽ ഹൈദരാബാദ് അതിരൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ഫാർമസി കോളേജ് കവാടത്തിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ രൂപം സാമൂഹിക വിരുദ്ധർ തകർത്തു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ക്രൈസ്തവ സംഘടനകളും വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കളാണ് അക്രമത്തിന് പിന്നിൽ. ആദ്യം ചെറിയ കല്ലുപയോഗിച്ച് രൂപം ഇരുന്നിരുന്ന കൂടാരത്തിന്റെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വലിയ കല്ലുമായി തിരിച്ചെത്തിയ പ്രതികൾ ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന മാതാവിന്റെ രൂപം പുറത്തെടുത്ത് തറയിലിട്ട് തകർക്കുകയായിരുന്നു.
തിരിച്ചറിയാതിരിക്കാൻ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് മറച്ചാണ് പ്രതികൾ എത്തിയത്. ഇത് സംഭവം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മതവികാരം വ്രണപ്പെടുത്തുകയും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്ത ഈ നടപടിക്കെതിരെ ഹൈദരാബാദ് അതിരൂപതയും വിവിധ ക്രൈസ്തവ സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മതസ്ഥാപനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സഭാനേതാക്കൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ മറ്റ് ക്യാമറകളും പരിശോധിച്ചു വരികയാണ്. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.