ദുബായ് വിമാനത്താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം: വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു; മേഖലയില്‍ അതീവ സുരക്ഷ

ദുബായ് വിമാനത്താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം: വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു; മേഖലയില്‍ അതീവ സുരക്ഷ

ആക്രമണത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ദുബായ്: ദുബായ് വിമാനത്താവളത്തിന് സമീപം ഇറാന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു. തീയണയ്ക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ഇറാനും യു.എസ്, ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ തുടര്‍ച്ചയായി ഡ്രോണുകളും മിസൈലുകളും അയയ്ക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളും യു.എസുമായി ബന്ധമുള്ള കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങള്‍.

സൗദിയില്‍ കിഴക്കന്‍ പ്രവിശ്യക്ക് നേരെ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ 37 ഡ്രോണുകള്‍ പ്രതിരോധ സേന തകര്‍ത്തിരുന്നു. ഇറാന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദി അറേബ്യയും ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മില്‍ ഇത് സംബന്ധിച്ച് ഫോണില്‍ ചര്‍ച്ച നടത്തി. ഉടന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും നയതന്ത്ര ഇടപെടല്‍ ഉണ്ടാകണമെന്നും ഇരുവരും ആഹ്വാനം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.