സിഡ്‌നിയിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വെടിവയ്പ്പ്: ഒരാൾ കൊല്ലപ്പെട്ടു; സംഘടിത കുറ്റകൃത്യമെന്ന് പൊലീസ്

സിഡ്‌നിയിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വെടിവയ്പ്പ്: ഒരാൾ കൊല്ലപ്പെട്ടു; സംഘടിത കുറ്റകൃത്യമെന്ന് പൊലീസ്

സിഡ്‌നി: പടിഞ്ഞാറൻ സിഡ്‌നിയിലെ ലിഡ്‌കോംബിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ 38 കാരൻ കൊല്ലപ്പെട്ടു. ആക്രമണം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇതിന് സംഘടിത കുറ്റകൃത്യങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.

പുലർച്ചെ നാല് മണിയോടെയാണ് ലിഡ്‌കോംബിലെ യൂണിറ്റ് ബ്ലോക്കിൽ വെടിവയ്പ്പ് നടന്നത്. ഒന്നിലധികം തവണ വെടിയേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ തന്നെ വെസ്റ്റ്മീഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ടാമത്തെ വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇത് വെടിയേറ്റ മുറിവുകളല്ലെന്നും ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളും പരിക്കേറ്റയാളും പരസ്പരം അറിയുന്നവരാണ്.

ഇതൊരു ക്രമരഹിതമായ ആക്രമണമല്ലെന്നും കൃത്യമായ പ്ലാനിങ്ങോടെ നടത്തിയതാണെന്നും ആബൺ ഏരിയ കമാൻഡർ സൂപ്രണ്ട് റോബർട്ട് ടോയിന്റൺ പറഞ്ഞു. സമൂഹത്തിന് ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

രാത്രി 11 നും പുലർച്ചെ നാലിനും ഇടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടവരോ ശബ്ദം കേട്ടവരോ ഉണ്ടെങ്കിൽ പോലീസിനെ വിവരമറിയിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു. പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.