വ്യോമപാത തുറന്ന് യുഎഇ: അടച്ചത് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി

വ്യോമപാത തുറന്ന് യുഎഇ: അടച്ചത് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി

അബുദാബി: ഇറാന്റെ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ച വ്യോമപാത യുഎഇ തുറന്നു. ഒരു മണിക്കൂറോളമായിരുന്നു അടച്ചിട്ടത്. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് വ്യോമപാത അടച്ചത്. ഒരു അസാധാരണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വ്യോമപാത അടയ്ക്കുന്നതെന്നും താല്‍കാലികമായ നടപടിയാണിതെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ അടച്ചിട്ട വ്യോമപാത ഒരു മണിക്കൂറിന് ശേഷം തുറക്കുകയായിരുന്നു.

അതേസമയം യുഎഇക്ക് നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും അവയെ വിജയകരമായി പ്രതിരോധിച്ചതായി യുഎഇ അധികൃതര്‍ അറിയിച്ചു. ഇറാന്റെ ഡ്രോണ്‍ പതിച്ച് അബുദാബിയിലെ എണ്ണ പാടത്ത് തീപിടിത്തം ഉണ്ടായതായും ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഷാഹ് ഓയില്‍ ഫീല്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. ഫുജൈറയിലെ ഓയില്‍ വ്യവസായ മേഖലയിലും ഡ്രോണ്‍ ആക്രമണമുണ്ടായി.

യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 22 ന് ശേഷം രണ്ടാഴ്ച കൂടി ഓണ്‍ലൈന്‍ ക്ലാസ് തുടരാനാണ് തീരുമാനം. മാര്‍ച്ച് 22 വരെ സ്പ്രിങ് വെക്കേഷന്‍ പ്രഖ്യാപിച്ചിരുന്നു. നഴ്സറി മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വരെ ഇത് ബാധകമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.