ന്യൂഡല്‍ഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യം തകര്‍ച്ചയുടെ വക്കിലാണെന്നും മതപരിവര്‍ത്തനം തടയാനുള്ള നിയമത്തില്‍ ഭരണകൂടം ജയില്‍ ശിക്ഷകൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും യു.എസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര, ഒഡിഷ തുടങ്ങി പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകള്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കും അമേരിക്കന്‍ പൗരന്മാര്‍ക്കും നേരെ ഇന്ത്യയില്‍ പീഡനവും ആക്രമണവും അങ്ങേറുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള ആയുധ വില്‍പന നിര്‍ത്തി വയ്ക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ആര്‍.എസ്.എസിനും ഇന്ത്യന്‍ രഹസ്വാന്വേഷണ ഏജന്‍സിയായ റോയ്ക്കും ഉപരോധം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും യു.എസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നു.
ഇന്ത്യയ്ക്ക് പുറമേ അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചൈന, ക്യൂബ, ഉത്തരകൊറിയ, പാകിസ്ഥാന്‍, വിയറ്റ്‌നാം തുടങ്ങി പതിനേഴ് രാജ്യങ്ങളെ പ്രത്യേക ആശങ്കയുളള രാജ്യങ്ങളായി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
1998 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമ പ്രകാരം രൂപംകൊണ്ട സംവിധാനമാണ് യു.എസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. എല്ലാ വര്‍ഷവും റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കാറുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളിക്കളഞ്ഞു. റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ പക്ഷപാത പരമായതിനാല്‍ ഇന്ത്യ തള്ളുന്നു എന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ഇത്തരം വിലയിരുത്തലുകള്‍ കമ്മിഷന്റെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നേരെ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെയും ഭീഷണിപ്പെടുത്തിലിനെതിരെയുമാണ് യു.എസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രധാന്യം നല്‍കേണ്ടതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.