ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ. സുധാകരന്‍ എംപിയുടെ പിടിവാശിക്ക് അവസാനം ഹൈക്കമാന്‍ഡ് വഴങ്ങി. പാര്‍ട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന നാടകീയമായ നീക്കങ്ങളാണ് ഹൈക്കമാന്‍ഡിനെ മുന്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എ.കെ ആന്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ സുധാകരന് അനുകൂലമായി മാറുന്നത്.
നിലവില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ടി.ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാര്‍ട്ടി രൂപീകരിച്ച് മത്സര രംഗത്ത് എത്തുമെന്ന സുധാകരന്റെ വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് എ.കെ ആന്റണി അടിയന്തര ഇടപെടല്‍ നടത്തിയത്.
പ്രശ്‌ന പരിഹാരത്തിനായി സുധാകരന്‍ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.സി. വേണുഗോപാല്‍ എന്നിവരുമായി ഇന്ന് രാവിലെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് കെ.സി. വേണുഗോപാലിനോട് ആരാഞ്ഞ സുധാകരന്, സ്‌ക്രീനിങ് കമ്മിറ്റി എടുത്ത തീരുമാനം അനുകൂലമല്ലെന്ന സൂചനയാണ് ലഭിച്ചത്.
ഉടന്‍ തന്നെ 'ശരി, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി, ഓക്കേ ഗുഡ് ബൈ' എന്ന് പറഞ്ഞ് സുധാകരന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. പിന്നീടാണ് എ.കെ ആന്റണി സുധാകരനെ ഫോണില്‍ വിളിച്ചത്.