അബോർഷൻ ഗുളികകൾ ജലമലിനീകരണത്തിന് കാരണമാകുന്നുണ്ടോ? യു.എസ് ജനപ്രതിനിധി സഭയിൽ പുതിയ ബിൽ

അബോർഷൻ ഗുളികകൾ ജലമലിനീകരണത്തിന് കാരണമാകുന്നുണ്ടോ? യു.എസ് ജനപ്രതിനിധി സഭയിൽ പുതിയ ബിൽ

​​വാഷിങ്ടൺ: രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഗർഭഛിദ്രം (കെമിക്കൽ അബോർഷൻ) ഉണ്ടാക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കൻ ജനപ്രതിനിധി സഭയിൽ പുതിയ ബിൽ. ഇല്ലിനോയിസിൽ നിന്നുള്ള പ്രതിനിധി മേരി മില്ലർ അവതരിപ്പിച്ച 'ക്ലീൻ വാട്ടർ ഫോർ ഓൾ ലൈഫ് ആക്ട്' അബോർഷൻ ഗുളികകളുടെ വിതരണത്തിലും ഉപയോഗത്തിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ്.

അബോർഷൻ ഗുളികകൾ നൽകുന്നതിന് മുൻപ് ഡോക്ടറുടെ നേരിട്ടുള്ള പരിശോധന നിർബന്ധമാക്കുക, ഗുളികകൾ ഉപയോഗിക്കുന്ന സമയത്ത് ഒരു ഡോക്ടറുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നിവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ. കൂടാതെ, രക്തവും മറ്റ് കോശ അവശിഷ്ടങ്ങളും ജലാശയങ്ങളിൽ എത്താതിരിക്കാൻ പ്രത്യേകം തയ്യാറാക്കിയ 'ക്യാച്ച് കിറ്റുകൾ' ഉപയോഗിക്കണമെന്നും ബിൽ കർശനമായി നിഷ്കർഷിക്കുന്നു.
രക്തവും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ 50 ടണ്ണോളം വരുന്ന മെഡിക്കൽ മാലിന്യങ്ങൾ എല്ലാ വർഷവും അമേരിക്കയിലെ ജലസ്രോതസുകളിലേക്ക് നേരിട്ട് തള്ളപ്പെടുന്നുണ്ടെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പ്രധാനമായും വാദിക്കുന്നത്.

ഇതിലൂടെ മനുഷ്യരിലെ ഹോർമോണുകളുടെ വ്യതിയാനത്തിന് കാരണമാകുന്ന രാസവസ്തുക്കൾ കുടിവെള്ളത്തിൽ കലരുന്നുണ്ടെന്നും 'സ്റ്റുഡന്റ്സ് ഫോർ ലൈഫ് ഓഫ് അമേരിക്ക' പോലുള്ള സംഘടനകൾ ആരോപിക്കുന്നു.

എന്നാൽ ഈ വാദങ്ങളുടെ ശാസ്ത്രീയ അടിത്തറയെ എതിർക്കുന്നവരും ശക്തമായി രംഗത്തുണ്ട്. 1996-ൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ ഈ ഗുളികകൾ കാര്യമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

അമേരിക്കയിൽ നിലവിൽ നടക്കുന്ന അബോർഷനുകളിൽ 60 ശതമാനത്തിലധികവും ഗുളികകൾ ഉപയോഗിച്ചുള്ളവയാണ്. അതിനാൽ തന്നെ ഈ ബിൽ നിയമമായാൽ അത് അമേരിക്കയിലെ ആരോഗ്യ മേഖലയിലും അബോർഷൻ അവകാശങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.