വത്തിക്കാൻ സിറ്റി: ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നിവിടങ്ങളിലേക്കുള്ള ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക സന്ദർശനത്തിന്റെ വിശദാംശങ്ങൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 13 മുതൽ 23 വരെയാണ് മാർപാപ്പയുടെ ഈ നിർണായക അപ്പസ്തോലിക സന്ദർശനം നടക്കുന്നത്. ഓരോ രാജ്യത്തെയും സന്ദർശനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സവിശേഷമായ ലോഗോകളും ആപ്ത വാക്യങ്ങളുമാണ് വത്തിക്കാൻ തയ്യാറാക്കിയിരിക്കുന്നത്.
സമാധാനത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി ഒരേ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്ന രണ്ട് പ്രാവുകളാണ് അൾജീരിയൻ ലോഗോയിലുള്ളത്. "നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ" എന്നതാണ് ഇവിടത്തെ ആപ്തവാക്യം. ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയായ ബൈബിളും പരിശുദ്ധ അമ്മയുടെ പ്രതീകമായ 'M' എന്ന അക്ഷരവും ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാവരും ഒന്നായിരിക്കട്ടെ (യോഹന്നാൻ 17:21) എന്ന വാക്യത്തിനൊപ്പം മാർപാപ്പയുടെ "ഇല്ലൊ യുനോ യുനം" എന്ന മുദ്രാവാക്യവും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
"പ്രതീക്ഷയുടെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും തീർത്ഥാടകനായ ലെയോ പതിനാലാമൻ പാപ്പ" എന്നതാണ് ഇവിടത്തെ ആപ്തവാക്യം. രാജ്യത്തിന്റെ ചരിത്രത്തിലെ രക്തച്ചൊരിച്ചിലിനെ ഓർമ്മിപ്പിക്കുന്ന ചുവപ്പ് നിറവും പവിത്രമായ മുലെംബ വൃക്ഷത്തിന്റെ ദളങ്ങളും ലോഗോയിൽ ദൃശ്യമാണ്.
ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പ്രതീകമായ സ്വർണ്ണ കുരിശാണ് ഇവിടത്തെ ലോഗോയുടെ പ്രത്യേകത. "ക്രിസ്തു, ഇക്വറ്റോറിയൽ ഗിനിയുടെ വെളിച്ചം, പ്രത്യാശയുടെ ഭാവിയിലേക്ക്" എന്നതാണ് ഇവിടത്തെ ആപ്തവാക്യം.
അൾജീരിയൻ പതാകയുടെ നിറങ്ങളായ പച്ച, ചുവപ്പ്, വെള്ള എന്നിവയും വത്തിക്കാന്റെ മഞ്ഞ നിറവും ലോഗോകളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇക്വറ്റോറിയൽ ഗിനിയയിലെ ലോഗോയിൽ പ്രകാശം, ഭൂമി, സമാധാനം, സ്വാതന്ത്ര്യസമരം എന്നിവയെ സൂചിപ്പിക്കുന്ന സ്വർണം, പച്ച, വെള്ള, ചുവപ്പ് നിറങ്ങൾ യഥാക്രമം നൽകിയിരിക്കുന്നു. 170 വർഷം മുൻപ് കടൽ വഴി സുവിശേഷകരെത്തിയ ചരിത്രവും ഇക്വറ്റോറിയൽ ഗിനിയയുടെ ലോഗോയിൽ ചിത്രീകരിച്ചിട്ടുണ്ട്.