ഇറാന്റെ കാട്ടുനീതി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പത്തൊമ്പതുകാരനായ ഗുസ്തി താരം ഉള്‍പ്പെടെ മൂന്ന് പേരെ പരസ്യമായി തൂക്കിലേറ്റി

ഇറാന്റെ കാട്ടുനീതി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പത്തൊമ്പതുകാരനായ ഗുസ്തി താരം ഉള്‍പ്പെടെ മൂന്ന്  പേരെ പരസ്യമായി തൂക്കിലേറ്റി

മര്‍ദ്ദനത്തിലൂടെയും പീഡനത്തിലൂടെയുമാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് സാലിഹ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് 'മുഹാരെബെ' (ദൈവത്തിനെതിരായ യുദ്ധം) എന്ന കുറ്റം ചുമത്തി വധശിക്ഷ നടപ്പിലാക്കിയത്.

ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തിനെതിരെ ജനുവരിയില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പത്തൊമ്പതുകാരനായ ഗുസ്തി ചാമ്പ്യന്‍ സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് യുവാക്കളെയും ഇറാന്‍ പരസ്യമായി തൂക്കിലേറ്റി.

സാലിഹിനൊപ്പം മെഹ്ദി ഖാസെമി, സയീദ് ദാവൂദി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 2026 ജനുവരി എട്ടിന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി എന്ന കുറ്റമാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരുന്നത്.

2024 ല്‍ റഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഗുസ്തി മത്സരത്തില്‍ സാലിഹ് മുഹമ്മദി വെങ്കല മെഡല്‍ നേടിയിരുന്നു. കൗമാര പ്രായത്തില്‍ തന്നെ ദേശീയ ശ്രദ്ധ നേടിയ താരത്തിന്റെ വധശിക്ഷ ഇറാനിലെ കായിക ലോകത്തിന് വലിയ ആഘാതമായി.

മര്‍ദ്ദനത്തിലൂടെയും പീഡനത്തിലൂടെയുമാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് സാലിഹ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് 'മുഹാരെബെ' (ദൈവത്തിനെതിരായ യുദ്ധം) എന്ന കുറ്റം ചുമത്തി വധശിക്ഷ നടപ്പിലാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത സാലിഹിന് തന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകനെയോ കൃത്യമായ വിചാരണയോ അനുവദിച്ചില്ല എന്നത് അതീവ ഗൗരവകരമാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിഷേധ സമയത്ത് സാലിഹിന് 18 വയസായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സാലിഹ് തന്റെ പത്തൊന്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.

ഐക്യരാഷ്ട്രസഭയും യു.എസ് വിദേശ കാര്യവകുപ്പും വധശിക്ഷ തടയാന്‍ ഇടപെട്ടിരുന്നെങ്കിലും ഇറാന്‍ അത് ചെവികൊണ്ടില്ല. 2020 ല്‍ തൂക്കിലേറ്റപ്പെട്ട ഗുസ്തി താരം നവീദ് അഫ്കാരിയുടെ സംഭവത്തിന് സമാനമായാണ് ലോകം ഇതിനെ കാണുന്നത്

യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്്, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി എന്നിവര്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇറാനിലെ കായിക ഫെഡറേഷനുകളെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്ന ആവശ്യം കായിക താരങ്ങള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. അറുപത്തഞ്ചിലധികം കായിക താരങ്ങളും പരിശീലകരും നിലവില്‍ ഇറാനില്‍ തടവിലാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.