ലണ്ടന്‍: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ അടച്ച ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സുപ്രധാന നീക്കവുമായി കൂടുതല്‍ ലോക രാഷ്ട്രങ്ങള്‍.
ലോകത്താകമാനം ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന ഇറാന്‍ നിലപാടിനെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ശക്തമായി അപലപിച്ചു. കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഉചിതമായ ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ തയ്യാറാണെന്ന് ഈ രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തു വിട്ടത്. കടലിടുക്കില്‍ മൈനുകള്‍ വിന്യസിക്കുന്നതും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നതും ഇറാന്‍ ഉടന്‍ നിര്‍ത്തണമെന്ന് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസപ്പെടുത്തുന്നത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
യുദ്ധം മൂലം തകിടം മറിഞ്ഞ ആഗോള ഊര്‍ജ വിപണിയെ സുരക്ഷിതമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കടലിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്നും ഇറാന്റെ നടപടികള്‍ ലോകമെമ്പാടുമുള്ള സാധാരണക്കാരെ, പ്രത്യേകിച്ച് ദരിദ്ര വിഭാഗങ്ങളെയാണ് ബാധിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
പശ്ചിമേഷ്യന്‍ യുദ്ധം 20 ദിവസം പിന്നിടുമ്പോള്‍ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. പത്ത് എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെ 23 ചരക്ക് കപ്പലുകള്‍ക്ക് നേരെ ഇതുവരെ ആക്രമണമുണ്ടായി. ഹോര്‍മുസ് തുറക്കാന്‍ നാറ്റോ ഉള്‍പ്പെടെയുള്ള സഖ്യശക്തികളുടെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇതിനോട് പെട്ടെന്ന് പ്രതികരിച്ചില്ലെങ്കിലും ചര്‍ച്ചകള്‍ക്കും ആസൂത്രണങ്ങള്‍ക്കും തയ്യാറാണെന്ന സൂചനയാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്നത്. ഇസ്രയേല്‍-അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ നടത്തുന്ന മിസൈല്‍ വര്‍ഷം ഗള്‍ഫ് മേഖലയിലെ എണ്ണ-വാതക പ്ലാന്റുകള്‍ക്ക് വന്‍ നാശ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇതാണ് ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമായത്.