ടെഹ്റാന്‍: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസ് ) വക്താവ് അലി മുഹമ്മദ് നൈനി ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നൈനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു.
ഒരാഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്തെ പ്രമുഖനാണ് അലി മുഹമ്മദ് നൈനി. ഇറാന്‍ ഉന്നത സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി, അര്‍ധ സൈനിക വിഭാഗം മേധാവി ഘോലംരേസ സുലൈമാന്‍, ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് എന്നിവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മറ്റ് പ്രമുഖര്‍.
ഇസ്രയേലുമായും അമേരിക്കയുമായും യുദ്ധം നടന്നിട്ടും തങ്ങളുടെ മിസൈല്‍ വ്യവസായം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും ശത്രുക്കള്‍ക്ക് ചില 'ആശ്ചര്യങ്ങള്‍' കരുതി വെച്ചിട്ടുണ്ടെന്നും മുന്നറിയിപ്പ് നല്‍കി 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്.
മൂന്ന് ആഴ്ചത്തെ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ മൂലം ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനോ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കാനോ കഴിയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു അലി മുഹമ്മദ് നൈനിയുടെ പ്രതികരണം.
അതിനിടെ ശത്രുക്കള്‍ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് അയച്ച സന്ദേശത്തില്‍ പരമോന്നത നേതാവ് മുജ്താബ ഖൊമേനി ആവശ്യപ്പെട്ടു.
അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും ബഹ്‌റിനിലും ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. മിന അല്‍അഹ്‌മദി എണ്ണ റിഫൈനറിയെ ഇറാന്‍ ഡ്രോണുകള്‍ വീണ്ടും ആക്രമിച്ചെന്ന് കുവൈറ്റ് ആരോപിച്ചു. നിരവധി യൂണിറ്റുകളില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്.