ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധനവും പ്രതിസന്ധിയും തുടരുന്നതിനിടെ ഇന്ധന വിലയിലും വര്‍ധനവ്. പ്രീമിയം പെട്രോളിനാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ കമ്പനികള്‍ 2.09 രൂപ മുതല്‍ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. വെള്ളിയാഴ്ച തന്നെ പുതുക്കിയ വില നിലവില്‍ വന്നു. എന്നാല്‍, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല.
പ്രീമിയം പെട്രോളിന് വില വര്‍ധിപ്പിക്കുന്നതിന്റെ കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാകുന്ന പ്രതിസന്ധിയുമാണ് വിലവര്‍ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം അനിശ്ചിതത്വത്തിലായത് ആഗോള ക്രൂഡ് ഓയില്‍ വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
ബാരലിന് 65 ഡോളര്‍ വിലയുണ്ടായിരുന്ന ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില 110 ഡോളറാണ്. ഇതുമൂലം വരും ദിവസങ്ങളില്‍ സാധാരണ പെട്രോള്‍, ഡീസല്‍ വിലയിലും വര്‍ധനവുണ്ടാകാമെന്നും റിപ്പോര്‍ട്ടുണ്ട്.