യുവതലമുറയെ വിവാഹ ജീവിതത്തിലേക്ക് ആകർഷിക്കണം; വത്തിക്കാനിൽ ബിഷപ്പുമാരുടെ സംഗമം വിളിച്ചുചേർത്ത് ലിയോ പാപ്പ

യുവതലമുറയെ വിവാഹ ജീവിതത്തിലേക്ക് ആകർഷിക്കണം; വത്തിക്കാനിൽ ബിഷപ്പുമാരുടെ സംഗമം വിളിച്ചുചേർത്ത് ലിയോ പാപ്പ

വത്തിക്കാൻ സിറ്റി: മാറുന്ന ലോക സാഹചര്യങ്ങളിൽ വിവാഹ ജീവിതത്തിന്റെ സൗന്ദര്യവും കുടുംബഭദ്രതയും യുവതലമുറയെ ബോധ്യപ്പെടുത്തുന്നതിനായി ഒക്ടോബറിൽ വത്തിക്കാനിൽ ബിഷപ്പുമാരുടെ ആഗോള സമ്മേളനം ചേരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ സിനഡാനന്തര പ്രബോധനരേഖയായ ‘അമോറിസ് ലറ്റീഷ്യ’ (സ്‌നേഹത്തിന്റെ സന്തോഷം) പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഈ സുപ്രധാന തീരുമാനം.

വിവിധ രാജ്യങ്ങളിലെ ബിഷപ്‌സ് കോൺഫറൻസ് അധ്യക്ഷന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമ്മേളനം റോമിൽ വിളിച്ചു ചേർക്കുമെന്ന് ലിയോ പതിനാലാമൻ പാപ്പ പുറപ്പെടുവിച്ച കത്തിൽ വ്യക്തമാക്കി. കുടുംബങ്ങളുടെ സുവിശേഷ സാക്ഷ്യം ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെ വിവാഹമെന്ന കൂദാശയിലേക്ക് ആകർഷിക്കുന്നതിനുമായി പുതിയ അജപാലന രീതികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത പാപ്പ പ്രത്യേകിച്ച് ചൂണ്ടിക്കാട്ടി. സമകാലിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് കൂടുതൽ ആത്മീയവും പ്രായോഗികവുമായ പിന്തുണ നൽകേണ്ടതുണ്ടെന്നും പാപ്പ നിർദേശിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കുടുംബ ജീവിതത്തെക്കുറിച്ച് സഭ പുറത്തിറക്കിയ പ്രധാനപ്പെട്ട രേഖകളിലൊന്നായ ‘അമോറിസ് ലറ്റീഷ്യ’ യുടെ സന്ദേശം വിശ്വാസികളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. കുടുംബങ്ങളിൽ സ്നേഹവും ഐക്യവും വളർത്തുന്ന ഈ സന്ദേശം ആഴത്തിൽ പ്രചരിപ്പിക്കുക സഭയുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം ദാരിദ്ര്യവും അക്രമവും അനുഭവിക്കുന്ന കുടുംബങ്ങളെ സഭ പ്രത്യേക പരിഗണനയിൽ ഉൾപ്പെടുത്തണം എന്നും പാപ്പ അഭ്യർത്ഥിച്ചു. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ കുടുംബങ്ങളെ സംരക്ഷിക്കുകയും അവരുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം എത്തിക്കുകയും ചെയ്യുന്നത് സഭയുടെ പ്രധാന ദൗത്യങ്ങളിൽ ഒന്നാണെന്നും അദേഹം വ്യക്തമാക്കി.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ കുടുംബങ്ങളുടെ കെട്ടുറപ്പ് ഉറപ്പാക്കാനുള്ള ചർച്ചകൾക്ക് ഈ സമ്മേളനം വേദിയാകും. സഭയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനൊപ്പം ആധുനിക കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുകയാണ് വത്തിക്കാന്റെ ലക്ഷ്യം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.